മുംബൈ:കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ശിവസേന നേതാവ് സഞ്‌ജയ് റാവത്തിനെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവ്. ഓഗസ്റ്റ് നാല് വരെയാണ് റാവത്തിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. എട്ട് ദിവസത്തെ കസ്റ്റഡി ഇ.ഡി ആവശ്യപ്പെട്ടിരുന്നു.
റാവത്തിനെ റിമാന്‍ഡ് ചെയ്യണമെന്ന ഇ.ഡിയുടെ ആവശ്യത്തിനെതിരെ അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ അഡ്വ. അശോക് മുണ്ടർഗി, റാവത്ത് ഹൃദയ സംബന്ധമായ അസുഖമുള്ള ആള്‍ ആണെന്നും അദ്ദേഹത്തിന്‍റെ അറസ്റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്നും കോടതിയില്‍ വാദിച്ചു. സഞ്‌ജയ് റാവത്തിന് നാല് തവണ സമൻസ് അയച്ചെങ്കിലും ഒരു തവണ മാത്രമാണ് അദ്ദേഹം ഇ.ഡിക്ക് മുന്നിൽ ഹാജരായത്.
ഇതിനിടയിൽ, തെളിവുകളും പ്രധാന സാക്ഷികളെയും നശിപ്പിക്കാൻ റാവത്ത് ശ്രമിച്ചുവെന്ന് ഇഡിയുടെ അഭിഭാഷകൻ വാദിച്ചു. ഗൊരേഗാവിലെ പത്ര ചാൽ ഭൂമി തട്ടിപ്പ് കേസിലാണ് റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്‌തത്. ഭൂമി ഇടപാട് കേസിനെ തുടർന്ന് റാവത്തിന്‍റെ വീട്ടില്‍ മണിക്കൂറുകള്‍ നീണ്ട പരിശോധന നടന്നിരുന്നു.
ഗൊരേഗാവിലെ പത്ര ചാൽ ഭവന നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് റാവത്തിന്‍റെ ഉറ്റ സുഹൃത്തും ഗുരു ആശിഷ് കണ്‍സ്‌ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്‌ടറുമായ പ്രവീണ്‍ റാവത്തും, ഹൗസിങ് ഡെവലപ്‌മെന്‍റ് ആന്‍റ് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡിലെ ഡയറക്‌ടര്‍മാരായ രാകേഷ് വാധവന്‍, സാരംഗ് വാധവന്‍ എന്നിവരും ചേര്‍ന്ന് അനധികൃതമായി 1074 കോടി സമ്പാദിച്ചുവെന്നാണ് കേസ്. എന്നാല്‍ ഇതിലൊന്നും തന്നെ താന്‍ പങ്കാളി ആയിരുന്നില്ലെന്നായിരുന്നു സഞ്‌ജയ് റാവത്തിന്‍റെ പ്രതികരണം.
Also Read ഇഡിയുടെ ചോദ്യം ചെയ്യല്‍ 16 മണിക്കൂര്‍: ഒടുവില്‍ സഞ്ജയ് റാവത്ത് അറസ്റ്റില്‍