മുംബൈ:കേന്ദ്രമന്ത്രിയും മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെയ്‌ക്കെതിരെ മാനനഷ്‌ടക്കേസ് നല്‍കി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. തനിക്ക് നേരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും അവമതിപ്പുണ്ടാക്കിയെന്നും കാണിച്ചാണ് ശിവസേന ഉദ്ധവ് താക്കറെ പക്ഷ നേതാവായ സഞ്‌ജയ് റാവത്ത് കേസ് ഫയല്‍ ചെയ്‌തത്. നാരായണ്‍ റാണെ സഞ്‌ജയ് റാവത്തിനെതിരെ മുമ്പ് പൊതുവേദിയില്‍ നടത്തിയ പരാമര്‍ശത്തിലാണ് കേസ്.
കേസ് വന്നത് ഇങ്ങനെ:സഞ്‌ജയ് റാവത്തിനെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തയയ്‌ക്കാന്‍ ഞാനാണ് പണം ചെലവഴിച്ചത്. ആ സമയത്ത് വോട്ടർ പട്ടികയിൽ പോലും സഞ്‌ജയ് റാവത്തിന്‍റെ പേരില്ലായിരുന്നു എന്നായിരുന്നു പൊതുയോഗത്തിനിടെ റാണെയുടെ പരാമര്‍ശം. ഇതിനെതിരെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സഞ്‌ജയ് റാവത്ത് തന്‍റെ വക്കീൽ മുഖേന നാരായൺ റാണെയ്ക്ക് നോട്ടിസ് അയച്ചിരുന്നു. നടത്തിയ പ്രസ്‌താവന തെളിയിക്കുന്ന തെളിവുകള്‍ സമര്‍പ്പിക്കണമെന്നും അല്ലാത്തപക്ഷം മാനനഷ്‌ടത്തിന് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നുമായിരുന്നു നോട്ടിസില്‍ അറിയിച്ചിരുന്നത്.
എന്നാല്‍ നോട്ടിസ് നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നാരായണ്‍ റാണെയുടെ ഭാഗത്തുനിന്ന് മറുപടി ലഭിക്കാതെ വന്നതോടെയാണ് സഞ്‌ജയ് റാവത്ത് കോടതിയിലേക്ക് നീങ്ങിയത്. 2004 ല്‍ താന്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ എല്ലാ ക്രെഡിറ്റും അവകാശപ്പെടുന്നതിനിടെ റാണെ തെറ്റായതും ദുരുദ്ദേശ്യപരവുമായ പരാമർശങ്ങൾ നടത്തിയെന്നറിയിച്ച് മുംബൈ കോടതിയിലാണ് സഞ്‌ജയ് റാവത്ത് ഹര്‍ജി സമര്‍പ്പിച്ചത്.
റാവത്തിനെതിരെയും കേസ്:അടുത്തിടെ മഹാരാഷ്‌ട്രയിൽ ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേരും ചിത്രവും വെളിപ്പെടുത്തിയതിന് സഞ്ജയ് റാവത്തിനെതിരെ മഹാരാഷ്‌ട്ര പൊലീസ് കേസെടുത്തിരുന്നു. പരിക്കേറ്റ പെൺകുട്ടിയുടെ ചിത്രം സഞ്‌ജയ് റാവത്ത് ട്വീറ്റ് ചെയ്‌തിരുന്നു. ഇക്കഴിഞ്ഞ മാർച്ച് അഞ്ചിനാണ് പർധി സമുദായത്തിലെ പെൺകുട്ടിയെ രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്‌തത്. മാത്രമല്ല അടുത്ത ദിവസം പ്രതി പെൺകുട്ടിയെ ആക്രമിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്‌തിരുന്നു.
സംഭവത്തിൽ സോലാപൂർ ജില്ലയിലെ ബെലവാഡി, ബർഷി സ്വദേശികളായ അക്ഷയ് വിനായക് മാനെ (23), നാംദേവ് സിദ്ധേശ്വർ ദൽവി (24) എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ടാഗ് ചെയ്‌തുകൊണ്ടുള്ള ട്വീറ്റിൽ ബിജെപി സ്‌പോൺസേഡ് ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് സഞ്‌ജയ് റാവത്ത് പറഞ്ഞു. കൂടാതെ ഉന്നത കുടുംബത്തിലുള്ള അംഗമല്ല എന്നത് കൊണ്ട് പെൺകുട്ടിയുടെ കേസ് അവഗണിക്കരുതെന്നും മാർച്ച് അഞ്ചിന് നടന്ന അപകടത്തിന് ഇതുവരെയും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തിരുന്നു.
എന്നാൽ പെൺകുട്ടിയുടെ ചിത്രം ചേർത്തുള്ള റാവത്തിന്‍റെ ട്വീറ്റിനെ ബിജെപി നേതാവ് ചിത്ര വാഗ് വിമർശിച്ച് രംഗത്തെത്തുകയായിരുന്നു. സഞ്‌ജയ് റാവത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും ആഭ്യന്തര വകുപ്പിനെയും ടാഗ് ചെയ്‌തായിരുന്നു ചിത്ര വാഗിന്‍റെ ട്വീറ്റ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ ട്വിറ്ററിൽ വെളിപ്പെടുത്തിയതിന് ശിവസേന എംപിക്കെതിരെ ബർഷി പൊലീസ് കേസെടുത്തതായി പൊലീസ് സൂപ്രണ്ട് ശിരീഷ് സർദേശ് പാണ്ഡെ അറിയിച്ചിരുന്നു.