ഹൈദരാബാദ് : ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും വേര്‍പിരിയുന്നുവെന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. മാലിക്കുമായുള്ള 12 വർഷത്തെ ദാമ്പത്യബന്ധം സാനിയ അവസാനിപ്പിച്ചുവെന്നും എന്നാല്‍ ഇതെല്ലാം വെറും ഊഹാപോഹങ്ങളാണെന്നും രണ്ടുതരത്തിൽ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരേയും ഉൾപ്പെടുത്തിയുള്ള റിയാലിറ്റി ഷോയുടെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഒടിടി പ്ലാറ്റ്‌ഫോമായ ഉർദുഫ്ലിക്‌സ്.
ഉർദുഫ്ലിക്‌സില്‍ ഉടൻ സ്‌ട്രീമിങ് ആരംഭിക്കുന്ന റിയാലിറ്റി ഷോയായ 'ദി മിർസ മാലിക് ഷോ'യിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ചാനൽ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചത്. ഇതോടെ വിവാഹമോചന വാർത്ത തെറ്റാണെന്നും അതല്ല ഷോയുടെ ഹൈപ്പിനായുള്ള വ്യാജ വാർത്തയാണിതെന്നുമുള്ള പ്രതികരണങ്ങളുമായി ആരാധകരും രംഗത്തെത്തി. അതേസമയം സാനിയയോ ഷൊയ്‌ബോ ഇതിൽ പ്രതികരിച്ചിട്ടില്ല.
സാനിയ മിര്‍സ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറിയായി പങ്കുവച്ച കുറിപ്പാണ് ഇരുവരുടേയും വിവാഹമോചന വാർത്തകളിലേക്കെത്തിച്ചത്. 'തകര്‍ന്ന ഹൃദയങ്ങള്‍ എവിടേയ്ക്കാണ് പോകുന്നത്?, അല്ലാഹുവിനെ കണ്ടെത്താന്‍' എന്നാണ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയിട്ടത്. പിന്നാലെ 'പ്രയാസമേറിയ ദിനങ്ങളെ അതിജീവിക്കാന്‍ എന്നെ സഹായിക്കുന്ന നിമിഷങ്ങള്‍' എന്ന അടിക്കുറിപ്പോടെ മകനൊപ്പമുള്ള മറ്റൊരു ചിത്രം താരം പങ്കുവയ്‌ക്കുകയും ചെയ്‌തു.