ചണ്ഡീഗഡ്:ഖലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത് പാൽ സിങ്ങിനെ പൊലീസ് വധിച്ചിട്ടുണ്ടാകുമെന്ന് ട്വീറ്റ് ചെയ്‌ത സംഗ്രൂരിൽ നിന്നുള്ള പാർലമെന്‍റ് അംഗവും ശിരോമണി അകാലിദൾ തലവനുമായ സിമ്രൻജിത് സിങ് മന്‍റെ അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക് ചെയ്‌തു. അമൃത്പാൽ സിങ് വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാൽ ലോകമെമ്പാടുമുള്ള സിഖ് സമൂഹത്തിന്‍റെ കടുത്ത പ്രതികരണമുണ്ടാകുമെന്നും സിമ്രൻജിത് സിങ് മൻ പറഞ്ഞു.
അമൃത് പാൽ സിങ്ങിനെതിരെ നിയമവിരുദ്ധമായ നടപടി സ്വീകരിച്ചാൽ പൊലീസിനെതിരെ സിഖുകാർ പ്രതിഷേധം സംഘടിപ്പിക്കും. അവനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നത് തെറ്റാണ്. അത് ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള സിഖ് സമൂഹത്തിനിടയിൽ അസ്വസ്ഥത സൃഷ്‌ടിക്കും അമൃത്പാൽ സിങ്ങിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണം. ഇത് സാധിച്ചില്ലെങ്കിൽ അമൃത്പാൽ സിങ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. പാർലമെന്‍റിലെ ഉത്തരവാദിത്തപ്പെട്ട അംഗമെന്ന നിലയിൽ, അമൃത്പാൽ സിങ്ങിനെ കൊല്ലരുതെന്ന് സർക്കാരിനോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും സിമ്രൻജിത് സിങ് മൻ കൂട്ടിച്ചേർത്തു.
Also Read: രജനികാന്തിന്‍റെ മകളുടെ വീട്ടിൽ മോഷണം; വിലപിടിപ്പുള്ള രത്നക്കല്ലുകള്‍ ഉള്‍പ്പെടെ 60 പവന്‍ ആഭരണങ്ങള്‍ നഷ്‌ടപ്പെട്ടു
വലവിരിച്ച് മൂന്നാം നാൾ; പിടിതരാതെ അമൃത് പാൽ:അമൃത്പാൽ സിങ്ങിനെയും കൂട്ടാളികളെയും പിടികൂടാൻ പഞ്ചാബ് പൊലിസ് തെരച്ചിൽ ആരംഭിച്ചിട്ട് ഇന്നേക്ക് മൂന്ന് ദിവസങ്ങൾ കഴിഞ്ഞു. ഇതുവരെ 78 പേരെ ഓപ്പറേഷനിൽ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും നിരവധി പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പഞ്ചാബ് പൊലീസ് പറഞ്ഞു. ആളുകൾക്കിടയിൽ ഭിന്നത പരത്തൽ, കൊലപാതകശ്രമം, പൊലീസുകാരെ ആക്രമിക്കൽ, പൊതുപ്രവർത്തകരുടെ നിയമാനുസൃതമായ ചുമതലകൾ നിർവഹിക്കുന്നതിൽ തടസ്സം സൃഷ്‌ടിക്കൽ തുടങ്ങിയ നാല് ക്രിമിനൽ കേസുകളിൽ വാരിസ് പഞ്ചാബ് ദിക്ക് വ്യക്തമായ പങ്കുണ്ടെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു.
അമൃത് പാലിനായി ഹേബിയസ് കോർപസ്:വാരിസ് പഞ്ചാബ് ദേ മേധാവി അമൃത് പാൽ സിങ്ങിനെ പഞ്ചാബ് പൊലീസ് പിടികൂടിയിട്ടുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വാരിസ് പഞ്ചാബ് ദേയുടെ നിയമോപദേഷ്‌ടാവ് ഇമാൻ സിങ് ഖാര, അമൃത് പാലിനായി ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചു. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലാണ് ഹർജി സമർപ്പിക്കപ്പെട്ടത്. എന്നാൽ, തത്‌കാലം വാറണ്ട് ഉദ്യോഗസ്ഥനെ നിയമിക്കാൻ വിസമ്മതിച്ച കോടതി, പഞ്ചാബ് സർക്കാരിന് നോട്ടിസ് നൽകുകയും വിഷയം മാർച്ച് 21 ന് പരിഗണിക്കുമെന്ന് അറിയിക്കുകയും ചെയ്‌തു.
അഭിഭാഷകൻ ഇമാൻ സിംഗ് ഖാര ഹർജി ജസ്റ്റിസ് ഷെഖാവത്തിന്‍റെ വീട്ടിൽ കൊണ്ടുവന്ന് സമർപ്പിക്കുകയായിരുന്നു. തന്‍റെ മകനെ ശനിയാഴ്‌ച തന്നെ പൊലിസ് അറസ്റ്റ് ചെയ്‌തുവെന്ന് വാദവുമായി അമൃത്പാൽ സിങ്ങിന്‍റെ പിതാവ് തർസെം സിങ് രംഗത്ത് വന്നിട്ടുണ്ട്. തങ്ങളുടെ നേതാവ് പൊലീസ് കസ്റ്റഡിയിലാണെന്ന് വാരിസ് പഞ്ചാബ് ഡി ചീഫിന്‍റെ അനുയായികൾ പറയുന്നുണ്ടെന്ന് അമൃത്പാലിന്‍റെ പിതാവ് തർസെം സിംഗ് മാധ്യമങ്ങളെ അറിയിച്ചു.
Also Read: യുകെയിലെ ഹൈക്കമ്മിഷന്‍ ഓഫിസിലെ ഇന്ത്യൻ പതാക നശിപ്പിച്ചു; യുകെ പ്രതിനിധിയെ വിളിച്ച് വരുത്തി ഇന്ത്യ