ചെന്നൈ : രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത് സനാതന ധര്‍മം, ജാതി വിവേചനം മുന്നോട്ടുവയ്ക്കുന്നതിനുള്ള ഏറ്റവും വലിയ തെളിവെന്ന് ഉദയനിധി സ്റ്റാലിന്‍ (Sanatana Dharma Controversy). 'താന്‍ ഹിന്ദുമതത്തിന് എതിരല്ല. എന്നാല്‍ സനാതന ധര്‍മം ജാതി വിവേചനം പ്രകടിപ്പിക്കുന്നതാണ്' - ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിനൊരു ഉദാഹരണം പറയാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോഴാണ് ഉദയനിധി സ്റ്റാലിന്‍ രാഷ്‌ട്രപതി നേരിട്ട സംഭവം വിവരിച്ചത് (Udhayanidhi Stalin On Sanatana Dharma).
'ബഹുമാന്യയായ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനത്തിന് ക്ഷണിച്ചില്ല. അതാണ് നിലവിലെ ഏറ്റവും വലിയ ഉദാഹരണം' - ഉദയനിധി സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ മാപ്പ് പറയണമെന്ന ബിജെപിയുടെ ആവശ്യത്തെ കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ ഉദയനിധി സ്റ്റാലിന്‍ (Udhayanidhi Stalin) തയ്യാറായില്ല.
ഇക്കഴിഞ്ഞ ശനിയാഴ്‌ച ചെന്നൈയില്‍ നടന്ന എഴുത്തുകാരുടെ സംഗമത്തില്‍ ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. സനാതന ധര്‍മം ഡെങ്കിയും മലേറിയയും കൊറോണയും പോലെയാണെന്നും എതിര്‍ക്കുകയല്ല, മറിച്ച് ഉന്മൂലനം ചെയ്യുകയാണ് വേണ്ടത് എന്നുമായിരുന്നു പ്രസ്‌താവന. പിന്നാലെ ബിജെപി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി.
Also Read :Udhayanidhi Stalin on Sanatan Dharma : സനാതന ധര്‍മ്മം ഡെങ്കിയും കൊറോണയും പോലെ, ഉന്മൂലനം ചെയ്യണം : ഉദയനിധി സ്റ്റാലിന്‍
വിഷയത്തില്‍ പരാതി ഉയര്‍ന്നെങ്കിലും താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കി. 'സനാതന ധര്‍മത്തെ കുറിച്ച് ഞാന്‍ ഒരു ചടങ്ങില്‍ സംസാരിച്ചു. പറഞ്ഞതില്‍ തന്നെ ഞാന്‍ ഉറച്ചുനില്‍ക്കുകയാണ്. അത് ഇനിയും ആവര്‍ത്തിക്കും. ഹിന്ദുക്കളെ മാത്രമല്ല, എല്ലാ മതങ്ങളെയും ഞാന്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ജാതി വ്യത്യാസത്തെ അപലപിക്കുകയാണ് ചെയ്‌തത്' - ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
Also Read :Sanatana Dharma Controversy : സനാതന ധര്‍മ പരാമര്‍ശം : ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഖാര്‍ഗെയ്‌ക്കുമെതിരെ കേസ്
അതേസമയം സനാതന ധര്‍മ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനും, കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനുമായ പ്രിയങ്ക് ഖാര്‍ഗെയ്‌ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തു. അഭിഭാഷകരായ ഹര്‍ഷ് ഗുപ്‌തയും രാം സിങ് ലോധിയും നല്‍കിയ പരാതിയിലാണ് നടപടി. രാംപൂര്‍ കോട്വാലി സിവില്‍ ലൈന്‍ സ്റ്റേഷനിലാണ് ഇരുവര്‍ക്കും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്. മതവികാരം വ്രണപ്പെടുത്തി എന്ന് കാണിച്ചാണ് അഭിഭാഷകരുടെ പരാതി. പ്രസ്‌താവനയിലൂടെ മതഭ്രാന്ത് പടര്‍ത്താനാണ് ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഖാര്‍ഗെയും ശ്രമിച്ചതെന്ന് രാം സിങ് ലോധി പറഞ്ഞു. രാംപൂര്‍ പൊലീസ് സൂപ്രണ്ടിന് നല്‍കിയ പരാതി സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. കേസ് സെപ്‌റ്റംബര്‍ 15ന് കോടതി പരിഗണിക്കും.