ന്യൂഡൽഹി : ജന്തർ മന്തറിൽ, ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെ പ്രതിഷേധിക്കുന്ന സമരക്കാർക്ക് പിന്തുണയുമായി സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം). ജന്തർ മന്തറിലേക്ക് പിന്തുണയുമായി സംയുക്ത കിസാൻ മോർച്ച പ്രവർത്തകർ എത്തി. രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംഘടന അറിയിച്ചു. സംയുക്ത കിസാൻ മോർച്ചയുടെ നീക്കത്തെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.
ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നും ഗുസ്‌തി താരങ്ങൾ ഉയർത്തിയ ലൈംഗികാരോപണങ്ങളുടെ വെളിച്ചത്തിൽ തൽസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് താരങ്ങള്‍ 15 ദിവസമായി ജന്തർ മന്തറിൽ സമരം നടത്തിവരികയാണ്. ശനിയാഴ്‌ച എസ്‌കെഎം നടത്തിയ പ്രസ്‌താവനയുടെ അടിസ്ഥാനത്തിൽ ഇന്ന് പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘടനയുടെ നിരവധി നേതാക്കൾ ജന്തർ മന്തറിലേക്ക് എത്തുകയായിരുന്നു. ഇപ്പോൾ റദ്ദാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ ഡല്‍ഹി അതിർത്തിയിൽ ഒരു വർഷം നീണ്ട കർഷക പ്രതിഷേധത്തിന് എസ്‌കെഎം നേതൃത്വം നൽകിയിരുന്നു.
ഹരിയാന ആഭ്യന്തര-ആരോഗ്യ മന്ത്രി അനിൽ വിജ് ജന്തർ മന്തറിന് സമീപം സമരം ചെയ്യുന്ന ഗുസ്‌തിക്കാർക്ക് വെള്ളിയാഴ്ച പിന്തുണ അറിയിച്ചിരുന്നു. പ്രതിഷേധിക്കുന്ന ഗുസ്‌തിക്കാര്‍ക്ക് പൂര്‍ണ പിന്തുണയെന്ന് ഹരിയാന ആഭ്യന്തര മന്ത്രി എഎൻഐയോട് പറഞ്ഞു. അവർക്കുവേണ്ടി മധ്യസ്ഥത വഹിക്കാനും സർക്കാരുമായി ചർച്ചകൾ നടത്താനും തയ്യാറാണെന്നും അദ്ദേഹം ഉറപ്പുനൽകി.
'ഈ സമരം ഇപ്പോൾ രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു. ഞാൻ ഒരു കായിക മന്ത്രി കൂടിയായിരുന്നതിനാൽ, എന്‍റെ പിന്തുണ പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങള്‍ക്കാണ്' - വിജ് പറഞ്ഞു. അതേസമയം ഡൽഹി പൊലീസ് ഗുസ്‌തി ഫെഡറേഷൻ മേധാവിക്കെതിരെ നിഷ്‌പക്ഷമായ അന്വേഷണം നടത്തുകയാണെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.'സമരക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കമ്മിറ്റിയെ നിയോഗിക്കാനുള്ള ആവശ്യം മുന്നോട്ട് വയ്ക്കുകയും ഒരു പാനൽ രൂപീകരിക്കുകയും ചെയ്‌തു. ഡൽഹി പൊലീസ് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്‌തിട്ടുമുണ്ട്. ഡൽഹി പൊലീസ് നീതിയുക്തമായ അന്വേഷണമാണ് നടത്തുന്നത്' - കേന്ദ്രമന്ത്രി പറഞ്ഞു.
റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പരിഗണനയിലുണ്ടെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അതിനായി പ്രവർത്തിക്കുകയാണെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. ബുധനാഴ്ച ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്‍റ് പി ടി ഉഷ ജന്തർ മന്തറിൽ സമരം ചെയ്യുന്ന ഗുസ്‌തിക്കാരെ കണ്ടിരുന്നു. പ്രായപൂർത്തിയാകാത്ത താരം ഉൾപ്പടെ 7 വനിത ഗുസ്‌തിക്കാരാണ് ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.