കേരളം

kerala

ETV Bharat / bharat

സമരം വ്യാപിപ്പിക്കാൻ കർഷകർ ; പ്രതിഷേധം പാർലമെന്‍റ് പടിക്കലേക്കും - കാർഷിക നിയമം

ജൂലൈ 22ന് 200 കര്‍ഷകർ പാർലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കും.

Samyukt Kisan Morcha  farmers' protest  new farm law  കർഷക സമരം  കാർഷിക നിയമം  സംയുക്ത കിസാൻ മോർച്ച
കർഷർ

By

Published : Jul 4, 2021, 10:52 PM IST

ന്യൂഡൽഹി :കാർഷിക നിയമങ്ങള്‍ക്കെതിരെ ഏഴ്‌ മാസം മുമ്പ് ഡൽഹി അതിർത്തിയിൽ ആരംഭിച്ച പ്രക്ഷോഭം ശക്തമായി തുടരാൻ കര്‍ഷക സംഘടനകളുടെ തീരുമാനം. സിങ്കു അതിർത്തിയിൽ നടന്ന യോഗത്തിന് ശേഷം സംയുക്ത കിസാൻ മോർച്ച നേതാക്കളാണ് കർഷകരുടെ നിലപാട് വ്യക്തമാക്കിയത്.

പാർലമെന്‍റ് സമ്മേളനത്തിന്‍റെ മണ്‍സൂണ്‍ സെഷനില്‍ കര്‍ഷക പ്രക്ഷോഭം ഉയർത്തിക്കാട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികള്‍ക്ക് കത്തയയ്ക്കുമെന്നും കർഷക നേതാക്കൾ അറിയിച്ചു.

പ്രതിഷേധം പാർലമെന്‍റിലേക്ക്

പാർലമെന്‍റിന് പുറത്ത് പ്രതിഷേധിക്കാനും തീരുമാനമായിട്ടുണ്ട്. ജൂലൈ 22 ന് നടക്കുന്ന പ്രതിഷേധത്തില്‍ ഓരോ സംഘടനയില്‍ നിന്നും അഞ്ച് പേർ വീതം പങ്കെടുക്കും. ആകെ 200 പേർ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും സംയുക്ത കിസാന്‍ മോർച്ചയുടെ വാർത്താക്കുറിപ്പില്‍ പറയുന്നു.

സംസ്ഥാനത്ത് വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കപ്പെട്ടെന്ന് പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘടനകള്‍ അറിയിച്ചു.

also read:'വിവാദ നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കൂ' ; മഹാരാഷ്ട്ര സര്‍ക്കാരിനോട് കര്‍ഷക സംഘടന

അതേസമയം പെട്രോള്‍, ഡീസൽ, പാചക വാതകം തുടങ്ങിയ അവശ്യവസ്തുക്കളുടെ വില വർധിക്കുന്നതിനെതിരെ 2021 ജൂലൈ എട്ടിന് രാവിലെ 10 നും ഉച്ചയ്ക്ക് 12 നും ഇടയിൽ രാജ്യവ്യാപകമായി പ്രതിഷേധം നടത്താനും യോഗത്തില്‍ തീരുമാനമായി.

ഫലം കാണാത്ത 11 ചർച്ചകള്‍

കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, പീയൂഷ് ഗോയൽ എന്നിവർ 2020 ഡിസംബർ, 2021 ജനുവരി മാസങ്ങളിലായി 11 തവണ കര്‍ഷക സംഘടനകളുമായി ചർച്ച നടത്തിയിരുന്നെങ്കിലും ഒത്തുതീര്‍പ്പിലെത്തിയിരുന്നില്ല. കാർഷിക നിയമങ്ങള്‍ പിൻവലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോള്‍, മൂന്ന് നിയമങ്ങളും റദ്ദാക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കർഷകരുടെ നിലപാട്.

കാർഷിക നിയമങ്ങൾ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാമെന്നാണ് കര്‍ഷകരുടെ നിലപാട്. നിയമങ്ങൾ റദ്ദാക്കാൻ കഴിയാത്തതിന്‍റെ കാരണം സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിലെ ഒരു തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അതിലെ ഏറ്റവും വലിയ വിഭാഗം പൗരന്മാരുമായി ഇഗോ-ഗെയിമുകൾ കളിക്കുകയാണെന്നും കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു. അന്നദാതാക്കളേക്കാള്‍ മുതലാളിമാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വാർത്താക്കുറിപ്പില്‍ പറയുന്നു.

എല്ലാ അതിർത്തികളിലെയും കർഷകരുടെ പ്രക്ഷോഭത്തിന് പ്രാദേശിക പിന്തുണയുണ്ട്. അതില്‍ എന്നും നിലനില്‍ക്കുന്നതുമാണ്. സമരം ചെയ്യുന്നവർക്കാവശ്യമായ ഭക്ഷ്യവസ്‌തുകള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നുണ്ട്. ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്ന് ഒരു വലിയ ട്രാക്ടർ റാലി ആസൂത്രണം ചെയ്യുന്നുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

കർഷകർ മാത്രമല്ല, ട്രേഡ് യൂണിയനുകളുമായി ബന്ധപ്പെട്ട മറ്റ് തൊഴിലാളികൾ, വിദ്യാർഥികൾ, അഭിഭാഷകർ, യുവജന കൂട്ടായ്മകൾ എല്ലാവരുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും കര്‍ഷക സംഘടനകള്‍ പറയുന്നു.

ABOUT THE AUTHOR

...view details