ന്യൂഡല്‍ഹി: പ്രമുഖ ഫോണ്‍ നിര്‍മാതാക്കളായ സാംസങ് അവരുടെ ഏറ്റവും പുതിയ ഫോണായ ഗ്യാലക്‌സി എം33 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഗ്യാലക്‌സി എം32 5ജിയുടെ തുടര്‍ച്ചയായാണ് പുതിയ സ്‌മാര്‍ട്ട് ഫോണ്‍ സൗത്ത് കൊറിയന്‍ കമ്പനി ലോഞ്ച് ചെയ്‌തിരിയ്ക്കുന്നത്. സാംസങിന്‍റെ റാം പ്ലസ് ഫീച്ചറുള്ള ഫോണില്‍ ഇന്‍ബില്‍റ്റ് സ്റ്റോറേജ് ഉപയോഗിച്ച് 16 ജിബി വരെ റാം വിപുലീകരിയ്ക്കാം.
ഗ്ലോബല്‍ ഗ്യാലക്‌സി എം33യോട് സമാനതകളുണ്ടെങ്കിലും 25 വാട്ട് ചാര്‍ജിങ് പിന്തുണയുള്ള 6000 എഎഎച്ച് ബാറ്ററിയാണ് പുതിയ ഫോണിനെന്ന് ജിഎസ്‌എം അരിന റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് വേരിയന്‍റുകളിലാണ് ഗ്യാലക്‌സി എം33 5ജി വിപണിയിലെത്തുന്നത്. ആറ് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 18,999 രൂപയും എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 20,499 രൂപയുമാണ് വില.