മുംബൈ:തനിക്കും ഭാര്യയ്‌ക്കും കഴിഞ്ഞ ദിവസങ്ങളിലായി ഭീഷണി സന്ദേശങ്ങളെത്തുന്നുണ്ടെന്ന പരാതിയുമായി മുംബൈ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫ് ഇന്ത്യയുടെ (എൻസിബി) മുൻ സോണൽ ഡയറക്‌ടർ സമീർ വാങ്കഡെ. ഇതിനെ തുടര്‍ന്ന് തനിക്കും ഭാര്യയ്‌ക്കുമെതിരെ കഴിഞ്ഞ നാല് ദിവസങ്ങളായി സമൂഹമാധ്യങ്ങളിലൂടെ അശ്ലീല സന്ദേശങ്ങളുള്‍പ്പടെയുള്ള ഭീഷണികളെത്തുന്നുണ്ടെന്ന് സമീര്‍ വാങ്കഡെ പൊലീസിനെ അറിയിക്കുകയായിരുന്നു. അതേസമയം ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ ഡ്രഗ്സ് ഓൺ ക്രൂയിസ് കേസിൽ കുടുക്കാതിരിക്കാൻ 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ച് സമീര്‍ വാങ്കഡെയ്‌ക്കെതിരെ സിബിഐ ഞായറാഴ്ച കേസെടുത്തിരുന്നു.
ഭീഷണിയുണ്ട്, സംരക്ഷണം വേണം: എനിക്കും എന്‍റെ ഭാര്യ ക്രാന്തി റെഡ്‌കറിനും കഴിഞ്ഞ നാല് ദിവസങ്ങളായി ഭീഷണികളും അശ്ലീല സന്ദേശങ്ങളും സമൂഹമാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇതിനെക്കുറിച്ച് ഞാന്‍ മുംബൈ പൊലീസ് കമ്മിഷണര്‍ക്ക് കത്തെഴുതുകയും പ്രത്യേക സുരക്ഷ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ടെന്ന് സമീര്‍ വാങ്കഡെയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു. കേസുമായി ബന്ധപ്പെട്ട ഇക്കഴിഞ്ഞ ഞായറാഴ്‌ച തുടര്‍ച്ചയായ രണ്ടാംദിവസവും സമീര്‍ വാങ്കഡെയെ സിബിഐ ചോദ്യം ചെയ്‌തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം സമീര്‍ വാങ്കഡെ മാധ്യമങ്ങളെയും കണ്ടിരുന്നു.
ഞാൻ സിബിഐയുമായി പൂർണമായി സഹകരിക്കുന്നുണ്ട്. ഇനിയും അത് തുടരും. സിബിഐ ചോദിച്ചതിനെല്ലാം ഞാൻ മറുപടി നല്‍കിയിട്ടുണ്ടെന്നും സമീര്‍ വാങ്കഡെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ തൃപ്‌തികരമല്ലെന്ന് സിബിഐയും പ്രതികരിച്ചിരുന്നു. ആര്യന്‍ ഖാനെ രക്ഷപ്പെടുത്തിന്നതിനായി 18 കോടി രൂപയുടെ ഇടപാടാണ് നടന്നിരിക്കുന്നതെന്നും, മാത്രമല്ല വാങ്കഡെയുടെ ആസ്‌തിയും അദ്ദേഹത്തിന്‍റെ വരുമാന സ്രോതസുകൾക്ക് ആനുപാതികമല്ലെന്നും ഏജൻസി അറിയിച്ചിരുന്നു.