റോഹ്‌താസ് : ബിഹാറിലെ റോഹ്‌താസിൽ ലെസ്‌ബിയന്‍ വിവാഹത്തില്‍ പൊലീസ് നടപടി. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ യുവതി വിവാഹം കഴിച്ചതാണ് വിനയായത്. റോഹ്‌താസിലെ സൂര്യപുര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
വിവാഹ ശേഷം ഇരുവരും പൊലീസ് സ്റ്റേഷനിൽ എത്തി സംരക്ഷണം ആവശ്യപ്പെട്ടതോടെയാണ് ഇക്കാര്യം പുറംലോകമറിയുന്നത്. എന്നാൽ ഇതിൽ ഒരു പെണ്‍കുട്ടി പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് ഇവരെ മാതാപിതാക്കൾക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു.
സൂര്യപുര ഏരിയയിലെ അലിഗഞ്ചിലാണ് ഇരുവരും താമസിക്കുന്നത്. ഇതിൽ ഒരാൾ ബിരുദ വിദ്യാർഥിനിയും ഒരാൾ പത്താം ക്ലാസുകാരിയുമാണ്. കുട്ടിക്കാലം മുതൽക്കേ തങ്ങൾ സുഹൃത്തുക്കളാണെന്നും, ഒരുമിച്ചാണ് പരസ്‌പരം ട്യൂഷന് ഉൾപ്പടെ പോയിരുന്നതെന്നും കുട്ടികൾ പൊലീസിനോട് പറഞ്ഞു. ക്രമേണ തങ്ങൾ ഇഷ്‌ടത്തിലാവുകയും ഒരുമിച്ച് ജീവിക്കുന്നതിനായി വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും ഇവര്‍ പൊലീസിനെ അറിയിച്ചു.
അയൽവാസികളായതിനാൽ നിരന്തരം കാണാറുണ്ടെന്നും പല ദിവസങ്ങളിലും ഒരുമിച്ചാണ് ഉറങ്ങാറുള്ളതെന്നും പെണ്‍കുട്ടികൾ പറഞ്ഞു. എന്നാൽ വീട്ടുകാർക്ക് തങ്ങളുടെ ബന്ധം അറിയില്ലെന്നും, അറിഞ്ഞാൽ അവർ എതിർക്കുമെന്നതിനാലാണ് രഹസ്യമായി വിവാഹം കഴിച്ചതെന്നും ഇവര്‍ വ്യക്‌തമാക്കി.
ബിഹാറിലെ ഫലൂനി ഭവാനി ക്ഷേത്രത്തിൽ എത്തി ഏഴ് തവണ പ്രദക്ഷിണം വച്ച് വാക്ക് നൽകിയാണ് വിവാഹം കഴിച്ചതെന്നും അതിനാൽ തങ്ങൾക്ക് ഇനി പിരിയാനാകില്ലെന്നും പെണ്‍കുട്ടികൾ അറിയിച്ചു. അതേസമയം ഒരു പെണ്‍കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ രക്ഷിതാക്കൾക്കൊപ്പം വിടുകയല്ലാതെ മറ്റ് വഴികളില്ലെന്ന് പൊലീസ് അറിയിച്ചു.
'പെണ്‍കുട്ടികളുടെ വിവാഹം നിയമപരമായി നിലനിൽക്കില്ല. പ്രായപൂർത്തിയായാൽ മാത്രമേ ഇരുവർക്കും വിവാഹം കഴിക്കാൻ സാധിക്കുകയുള്ളൂ. ഇരുവരുടെയും വീട്ടുകാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി കാര്യം അറിയിച്ചു. ഇക്കാര്യം പറഞ്ഞ് പെണ്‍കുട്ടികളെ ഒരു തരത്തിലും ഉപദ്രവിക്കില്ലെന്ന് വീട്ടുകാർ ഉറപ്പ് നൽകിയിട്ടുണ്ട്. പ്രായപൂർത്തിയായാൽ തങ്ങൾ ഒരുമിച്ച് താമസിക്കും എന്നാണ് പെണ്‍കുട്ടികൾ അറിയിച്ചിരിക്കുന്നത്' - എസ്‌എച്ച്ഒ പ്രിയ കുമാരി പറഞ്ഞു.
വിവാഹം കഴിക്കാൻ ലിംഗമാറ്റം നടത്തി യുവതി : കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ പെണ്‍സുഹൃത്തിനെ വിവാഹം കഴിക്കാനായി ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയ യുവതി കല്യാണം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ബറേലിയിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇരുവരും അപേക്ഷ സമര്‍പ്പിച്ചത്.
സംഭവത്തില്‍ കേസുമായി മുന്നോട്ട് പോകുന്ന കാര്യത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) സര്‍ക്കാര്‍ അഭിഭാഷകരോട് നിയമോപദേശം തേടിയിട്ടുണ്ട്. സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരമാണ് ഇരുവരും കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. ബദൗണ്‍, ബറേലി സ്വദേശികളായ ഇവര്‍ സ്വകാര്യ കമ്പനിയിലെ ജോലിക്കാരാണ്.
കമ്പനിയിൽ വച്ച് പ്രണയത്തിലായ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ബന്ധം കുടുംബം നിരസിക്കുകയും, പിന്നാലെ യുവതികളിലൊരാൾ ലിംഗ മാറ്റ ശസ്‌ത്രക്രിയക്ക് വിധേയമാകാൻ തീരുമാനിക്കുകയുമായിരുന്നു. ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഇരുവരും അപേക്ഷയുമായി കോടതിയെ സമീപിച്ചത്.
ALSO READ :കൂട്ടുകാരിയുമായി പ്രണയം ; വിവാഹം കഴിക്കാന്‍ ലിംഗമാറ്റം നടത്തി യുവതി, വിവാഹ രജിസ്‌ട്രേഷന് അനുമതി തേടി കോടതിയില്‍
നേരത്തെ ഉത്തര്‍ പ്രദേശിലെ ഝാന്‍സിയിലും സമാനമായ സംഭവമുണ്ടായിരുന്നു. പെണ്‍സുഹൃത്തിനെ വിവാഹം കഴിക്കാനായി കൂട്ടുകാരി ലിംഗമാറ്റം നടത്തിയതിന് പിന്നാലെ സുഹൃത്ത് കല്യാണത്തിന് വിസമ്മതിച്ചെന്ന് കാട്ടിയാണ് കോടതിയിൽ പരാതി എത്തിയത്. ശസ്‌ത്രക്രിയക്ക് പിന്നാലെ യുവതി മറ്റൊരാളുമായി പ്രണയത്തിലായെന്ന് പരാതിയിൽ ആരോപിച്ചിരുന്നു.