ന്യൂഡല്‍ഹി:സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കണമെന്ന ഹര്‍ജികള്‍ അഞ്ചംഗ ബഞ്ചിന് കൈമാറി സുപ്രീം കോടതി. ഇതുസംബന്ധിച്ച വാദം ഏപ്രിൽ 18ന് സുപ്രീം കോടതി കേൾക്കും. ഹര്‍ജികളില്‍ ഉന്നയിച്ച ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ (മാര്‍ച്ച് 12) സത്യവാങ്മൂലം നല്‍കിയിരുന്നു.
സ്വവർഗ വിവാഹത്തില്‍ നിയമപരമായ അംഗീകാരം നല്‍കണമെന്ന ആവശ്യം സംബന്ധിച്ച വിഷയം ഇന്ന് പരിശോധിക്കവെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ ഉത്തരവ്. പുരുഷനും സ്‌ത്രീയും തമ്മിലുള്ള വിവാഹം മാത്രമേ അംഗീകരിക്കുകയുള്ളൂ എന്ന നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളത്. വാദം കേൾക്കുന്നത് ലൈവായി ടെലികാസ്റ്റ് ചെയ്യണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിച്ചിട്ടുണ്ട്.
സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകുന്ന വിഷയം, സമൂഹത്തിലും കുട്ടികളിലുമുള്ള സാമൂഹികവും മാനസികവും മറ്റ് ആഘാതങ്ങളും ചർച്ച ചെയ്യാന്‍ നിയമനിർമാണ സഭയ്ക്ക് വിടണമെന്നും സർക്കാർ സുപ്രീം കോടതിയില്‍ വാദിച്ചു. സ്വവര്‍ഗ രതിക്കാരുടെ വിവാഹ ബന്ധങ്ങൾ വ്യാപകമായ പ്രത്യാഘാതങ്ങൾ സമൂഹത്തില്‍ സൃഷ്‌ടിക്കും. ഇത്തരം കാര്യങ്ങളില്‍ അന്തിമമായ തീരുമാനം പുറപ്പെടുവിക്കുമ്പോള്‍ അതാത് സംസ്ഥാനങ്ങളുടെ താത്‌പര്യങ്ങൾ കൂടി പരിഗണനയില്‍ എടുക്കേണ്ടതുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ചുണ്ടിക്കാട്ടി.
വേണ്ടത് പാരമ്പര്യ രീതിയെന്ന് കേന്ദ്രം:'പങ്കാളികളായി ഒരുമിച്ചുജീവിക്കുന്നതും സ്വവർഗ ലൈംഗിക ബന്ധവും (സുപ്രീം കോടതി നേരത്തേ നിയമ വിധേയമാക്കിയത്) ഈ രീതി ഇന്ത്യൻ സംസ്‌കാരവുമായി യോജിച്ചുപോവുന്നതല്ല. 'ഭാര്യ' എന്ന നിലയിൽ സ്‌ത്രീയും പിതാവെന്ന നിലയില്‍ പുരുഷനുമായുള്ള പാരമ്പര്യമായ രീതിയാണ് വേണ്ടത്. വിവാഹവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള വ്യക്തിനിയമങ്ങൾ ഇതിന് അടിവരയിടുന്ന സാഹചര്യത്തിൽ ഇതിനെ അട്ടിമറിക്കുന്ന ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ല.
സ്വവർഗ പങ്കാളികൾ ഒരുമിച്ചുജീവിക്കുന്ന ലിവിങ് ടുഗദർ മാതൃകയിലുള്ള ബന്ധങ്ങൾ ഇന്ത്യൻ കുടുംബസങ്കല്‍പവുമായി താരതമ്യം ചെയ്യാനാവില്ല. വിവാഹത്തിലൂടെ ഭരണഘടനയിൽ അർഥമാക്കുന്നത് എതിർലിംഗ വിവാഹങ്ങളാണ്. ഭരണകൂടത്തിന്‍റേയും സാമൂഹിക സംവിധാനങ്ങളുടേയും നിലനില്‍പിന് എതിർലിംഗ വിവാഹങ്ങൾക്ക് മാത്രമാണ് നിയമപരമായ സാധുതയുള്ളതെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
സ്വവർഗവിവാഹം അംഗീകരിക്കാത്തത് ഭരണഘടനയുടെ മൂന്നാം ഭാഗം പ്രകാരമുള്ള മൗലികാവകാശങ്ങളെ ലംഘിക്കുന്നതല്ല. ഭിന്നലിംഗ വിവാഹങ്ങളുടെ മാത്രം അംഗീകാരം ന്യായമായ വർഗീകരണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭിന്നലിംഗക്കാരും സ്വവർഗ ദമ്പതികളും തമ്മിൽ വ്യത്യാസമുണ്ട്. സ്വവർഗ വിവാഹം അംഗീകരിക്കാത്തത് ലിംഗവിവേചനം തടയുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 15(ഒന്ന്) ലംഘനമല്ലെന്നും സർക്കാർ വാദിച്ചു.
'വലിയ സങ്കീർണതകൾക്ക് വഴിവയ്‌ക്കും':ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377ാം വകുപ്പിൽ സ്വവർഗ ലൈംഗികബന്ധം ഉൾപ്പെടെയുള്ളവ കുറ്റകരമാക്കുന്ന വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ചാണ് സുപ്രീം കോടതി റദ്ദാക്കിയത്. എന്നാല്‍, സ്വവർഗവിവാഹത്തിന് സാധുത ലഭിക്കാനുള്ള മൗലികാവകാശം ഹർജിക്കാർക്ക് അവകാശപ്പെടാനാവില്ലെന്നാണ് കേന്ദ്രം മുന്നോട്ടുവയ്‌ക്കുന്ന വാദം. സ്വവർഗ വിവാഹം അംഗീകരിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമപ്പുറം കുടുംബപരമായ വിഷയങ്ങളുണ്ട്. ഇത്തരം വിവാഹങ്ങൾക്കു സാധുത നൽകുന്നത് വലിയ സങ്കീർണതകൾക്ക് വഴിവച്ചേക്കുമെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.