ഭുവനേശ്വർ: ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട ആഹാരശീലങ്ങളിൽ ഒന്നാണ് മഞ്ഞൾ. അതുപോലെ പ്രിയപ്പെട്ട ധാന്യങ്ങളിലൊന്നാണ് ഗോതമ്പ്. സാധാരണയായി മഞ്ഞ നിറത്തിലുള്ള മഞ്ഞളും ഗോതമ്പുമൊക്കെയാണ് നമുക്ക് വിപണിയിൽ നിന്ന് ലഭിക്കുക. എന്നാല്‍ കറുത്ത നിറത്തിലുള്ള മഞ്ഞളും ഗോതമ്പുമൊക്കെ ഉണ്ടെന്നുള്ള കാര്യം നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഉണ്ടെന്ന് മാത്രമല്ല ഇവ എവിടെ നിന്ന് ലഭിക്കും എന്നൊക്കെയുള്ള കാര്യങ്ങൾ നമുക്ക് നോക്കാം.
കറുത്ത നിറത്തിലുള്ള ഈ ഗോതമ്പും മഞ്ഞളും ശരീരത്തിന് വളരെ ഗുണം ചെയ്യുന്നവയാണെന്ന് മാത്രമല്ല വളരെ ലാഭത്തിൽ കൃഷി ചെയ്യാൻ കഴിയുന്നവ കൂടിയാണ്. സാധാരണ കണ്ടു വരുന്ന ഗോതമ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കറുത്ത ഗോതമ്പ് കൂടുതല്‍ പോഷകങ്ങള്‍ അടങ്ങിയതും നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണകരവുമാണ്. ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരു മരുന്ന് പോലെ പ്രവര്‍ത്തിക്കുകയും മാനസിക സംഘര്‍ഷങ്ങള്‍ക്ക് ആശ്വാസം നല്‍കുകയും അമിത വണ്ണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, അര്‍ബുദം, പ്രമേഹം, ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പരിഹരിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ കറുത്ത ഗോതമ്പിന്‍റെ കൃഷി ഇപ്പോള്‍ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് മഞ്ഞളിന്‍റെ കാര്യവും. കറുത്ത മഞ്ഞള്‍ സാധാരണ ലഭിക്കുന്ന മഞ്ഞളില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമാണ്. ഔഷധഗുണങ്ങള്‍ ധാരാളമായി അടങ്ങിയിരിക്കുകയും ചെയ്യുന്നു. അര്‍ബുദം പോലുള്ള മാരക രോഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒന്നാണ് കറുത്ത മഞ്ഞള്‍. അതില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റ്, പനി, വാതം, ചർമ രോഗങ്ങള്‍, ആസ്‌ത്‌മ എന്നിവയില്‍ നിന്നും ആശ്വാസം നല്‍കുന്നു. പടിഞ്ഞാറന്‍ ഒഡീഷയിലെ സാമ്പല്‍പൂരിലുള്ള യുവ കര്‍ഷകനും വിദ്യാസമ്പന്നനുമായ ദിബ്യരാജ് ബേരിഹയാണ് കറുത്ത മഞ്ഞളും കറുത്ത ഗോതമ്പും സംസ്ഥാനത്ത് വിജയകരമായി കൃഷി ചെയ്‌തു കൊണ്ടിരിക്കുന്നത്.