വിജയ് ദേവരകൊണ്ട (Vijay Deverkonda), സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu) എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന റൊമാന്‍റിക് ഡ്രാമയാണ് 'കുഷി' (Kushi). ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സാമന്ത - ദേവരകൊണ്ട ചിത്രത്തിനായി. ഇപ്പോഴിതാ 'കുഷി'യുടെ ട്രെയിലര്‍ റിലീസ് (Kushi trailer release) പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.
രണ്ട് വ്യത്യസ്‌ത മത വിശ്വാസികളായ സാമന്തയുടെയും വിജയ് ദേവരകൊണ്ടയുടെയും കഥാപാത്രങ്ങള്‍ പരസ്‌പരം സ്‌നേഹിച്ച് വിവാഹം കഴിക്കുകയും പിന്നീട് അവര്‍ക്കിടയില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളുമാണ് ട്രെയിലറില്‍ ദൃശ്യമാകുന്നത്. സാമന്തയും വിജയ് ദേവരകൊണ്ടയും തങ്ങളുടെ ഇന്‍സ്‌റ്റഗ്രാം ഹാന്‍ഡിലില്‍ കുഷിയുടെ ട്രെയിലര്‍ പങ്കുവച്ചിട്ടുണ്ട്.
ട്രെയിലര്‍ പങ്കുവച്ചതിന് പിന്നാലെ ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളുമായി ഇരുവരുടെയും ആരാധകര്‍ ഒഴുകിയെത്തി. സെപ്‌റ്റംബര്‍ 1ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് നിര്‍മാതാക്കള്‍ 'കുഷി'യുടെ ട്രെയിലര്‍ പുറത്തുവിട്ടത്. മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലായാണ് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസിനെത്തുന്നത്.
ഒരു മതാന്തര പ്രണയകഥയാണ് സിനിമയുടെ ഇതിവൃത്തം. ജമ്മു കശ്‌മീരിലെ മലനിരകളിൽ താമസിക്കുന്ന ഒരു പട്ടാളക്കാരന്‍റെയും പെൺകുട്ടിയുടെയും കഥയാണ് ചിത്രം പറയുന്നത്. കശ്‌മീര്‍ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. കശ്‌മീരീല്‍ 30 ദിവസത്തെ ഷൂട്ടിങായിരുന്നു. കൂടാതെ പഹല്‍ഗാം, ദാല്‍ തടാകം, ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ് എന്നീ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളും 'കുഷി'യുടെ പ്രധാന ലൊക്കേഷനുകൾ ആയിരുന്നു.
നേരത്തെ 'കുഷി' സിനിമയുടെതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. 'ആരാധ്യ', 'നാ റോജാ നുവ്വേ' ഉള്‍പ്പെടെയുളള ഗാനങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തു. ജയറാം, സച്ചിൻ ഖേദാക്കർ, മുരളി ശർമ്മ, ലക്ഷ്‌മി, അലി, രോഹിണി, വെണ്ണേല കിഷോർ, രാഹുൽ രാമകൃഷ്‌ണ, ശ്രീകാന്ത് അയ്യങ്കാർ, ശരണ്യ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
അതേസമയം 'ശാകുന്തളം' ആണ് സാമന്തയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. എന്നാല്‍ സിനിമയ്‌ക്ക് ബോക്‌സോഫിസില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനായില്ല. അതുകൊണ്ട് തന്നെ നിര്‍മാതാക്കള്‍ക്ക് 'കുഷി'യില്‍ വാനോളമാണ് പ്രതീക്ഷകള്‍. അതുപോലെ തന്നെ വിജയ് ദേവരകൊണ്ടയുടേതായി ഏറ്റവും ഒടുവിലെത്തിയ 'ലൈഗറി'നും ബോക്‌സോഫിസിൽ മാന്യമായ സംഖ്യകൾ സൃഷ്‌ടിക്കാന്‍ കഴിഞ്ഞില്ല.
ദുല്‍ഖര്‍ കീര്‍ത്തി സുരേഷ് ചിത്രം, 'മഹാനടി'ക്ക് (Mahanati) ശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'കുഷി'. ശിവ നിർവാണയാണ് (Shiva Nirvana) സിനിമയുടെ സംവിധാനം. 'മജിലി', 'ടക്ക് ജഗദീഷ്', 'നിന്നു കോരി' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് സംവിധായകന്‍ ശിവ നിര്‍വാണ.
സംവിധായകന്‍ ശിവ നിര്‍വാണയ്‌ക്കൊപ്പവും (Shiva Nirvana) ഇത് രണ്ടാം തവണയാണ് സാമന്ത ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്. ശിവ നിര്‍വാണയുടെ മജിലി (Majili) എന്ന സിനിമയില്‍ സാമന്ത അഭിനയിച്ചിരുന്നു. മൈത്രി മുവി മേക്കേഴ്‌സ് ആണ് സിനിമയുടെ നിര്‍മാണം. 'പുഷ്‌പ'യ്‌ക്ക് ശേഷം മൈത്രി മുവി മേക്കേഴ്‌സ് നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്'. മുരളി ജിയാണ് ഛായാഗ്രഹണം.
Also Read:Kushi title song| ആരാധകര്‍ക്ക് വിസ്‌മയമായി വിജയ് ദേവരകൊണ്ട സാമന്ത കെമിസ്‌ട്രി; കുഷി റൊമാന്‍റിക് ടൈറ്റില്‍ ഗാനം ട്രെന്‍ഡിങില്‍