മഹാകവി കാളിദാസന്‍റെ അഭിജ്ഞാന ശാകുന്തളം എന്ന നാടകത്തെ ആസ്‌പദമാക്കി ഗുണശേഖര്‍ ഒരുക്കിയ ചിത്രം 'ശാകുന്തളം' കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. സാമന്ത നായികയായെത്തിയ സിനിമയ്‌ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ആദ്യ ദിനം തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്.
ആദ്യ ദിനത്തില്‍ 'ശാകുന്തളം' വലിയ ജനക്കൂട്ടത്തെ ആകര്‍ഷിച്ചില്ല. എല്ലാ ഭാഷകളിലുമായി അഞ്ച് കോടി രൂപയാണ് ചിത്രം ആദ്യ ദിനത്തില്‍ സ്വന്തമാക്കിയത്. തെലുഗു സംസ്ഥാനങ്ങളിൽ, 'ശാകുന്തള'ത്തിന്‍റെ ഒക്യുപൻസി നിരക്ക് 32.60% ആയിരുന്നു.
സാമന്തയുടേതായി ഇതിന് മുമ്പ് റിലീസായ 'യശോദ'യുടെ ഓപ്പണിംഗ് കലക്ഷന്‍ ഏകദേശം മൂന്ന് കോടി രൂപയായിരുന്നു. പത്ത് കോടി രൂപയായിരുന്നു 'യശോദ'യുടെ ആദ്യ വാരാന്ത്യ ബോക്‌സ് ഓഫിസ് കലക്ഷന്‍. ഇന്ത്യയില്‍ നിന്ന് 20 കോടിയോളം രൂപയാണ് 'യശോദ' നേടിയത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 'ശാകുന്തളം' കൂടുതൽ പ്രതീക്ഷ നൽകുന്നു.
ചിത്രത്തിൽ ശകുന്തള എന്ന കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിച്ചത്. പുരു രാജവംശത്തിലെ ദുഷ്യന്ത മഹാരാജാവായി ദേവ് മോഹനും വേഷമിട്ടു. വന്‍ ബജറ്റിലൊരുക്കിയ ചിത്രത്തില്‍ മോഹൻ ബാബു, അല്ലു അര്‍ജുന്‍റെ മകള്‍ അല്ലു അർഹ, അദിതി ബാലൻ, ഗൗതമി, സച്ചിൻ ഖേദേക്കർ, അനന്യ നാഗല്ല എന്നിവര്‍ അണിനിരന്നിരുന്നു.
സാമന്തയും വരുൺ ധവാനും ഒന്നിച്ചെത്തിയ സ്‌പൈ ത്രില്ലർ സീരീസ് 'സിറ്റാഡലി'ന്‍റെ ഇന്ത്യൻ പതിപ്പ് സംവിധാനം ചെയ്യുന്ന രാജും ഡികെയും 'ശാകുന്തള'ത്തെ പ്രശംസിച്ച് കുറിപ്പ് പങ്കുവച്ചിരുന്നു. 'ശാകുന്തളം' കണ്ട സംവിധായകർ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ സാമന്തയെ പ്രശംസിക്കാനും മറന്നില്ല.
സാമന്ത റൂത്ത് പ്രഭുവിന്‍റെ 'ശാകുന്തളം' തിയേറ്ററുകളില്‍ എത്തിയതിന്‍റെ ആവേശത്തിലാണ് തെലുഗു സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. ഗുണശേഖറിന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിലൂടെ അല്ലു അര്‍ജുന്‍റെ ആറ് വയസുകാരിയായ മകൾ അല്ലു അർഹ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ശാകുന്തളം റിലീസിനോടനുബന്ധിച്ച് ടീമിന് ആശംസകള്‍ അറിയിക്കുന്നതിനൊപ്പം മകളുടെ സിനിമ അരങ്ങേറ്റത്തിന്‍റെ സന്തോഷവും താരം ട്വിറ്ററില്‍ പങ്കുവച്ചു.
ശാകുന്തളം റിലീസ് ദിനത്തിലാണ് സിനിമയെയും ടീമിനെയും ആശംസിച്ച് അല്ലു അര്‍ജുന്‍ രംഗത്തെത്തിയത്. ഇതിനൊപ്പം മകളുടെ അരങ്ങേറ്റത്തെ കുറിച്ചും താരം വാചാലനായി.
Also Read: 'ഈ ലോകത്തിന് അറിയില്ല, ഒരു വര്‍ഷമായി നീ പോരാളി ആയിരുന്നുവെന്ന്' : സാമന്തയെ കുറിച്ച് വിജയ് ദേവരകൊണ്ട
'ശാകുന്തളം റിലീസിന് എല്ലാ ആശംസകളും. ഈ ഇതിഹാസ പ്രൊജക്‌ട് സമ്മാനിച്ച ഗുണശേഖറിനും നീലിമ ഗുണശേഖറിനും ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിനും എന്‍റെ ആശംസകള്‍. പ്രിയപ്പെട്ട സാമന്തയ്‌ക്ക് എന്‍റെ ഊഷ്‌മളമായ ആശംസകൾ. എന്‍റെ മല്ലു സഹോദരൻ ദേവ് മോഹനും മുഴുവൻ ടീമിനും ആശംസകള്‍. അല്ലു അർഹയുടെ കാമിയോ നിങ്ങൾക്ക് എല്ലാവർക്കും ഇഷ്‌ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അവളെ സ്‌ക്രീനിൽ പരിചയപ്പെടുത്തിയതിനും അവളെ മികച്ച രീതിയിൽ പരിപാലിച്ചതിനും ഗുണ ഗാരുവിന് പ്രത്യേക നന്ദി. ഈ മധുര നിമിഷം എന്നും വിലമതിക്കുന്നതാണ്' - അല്ലു അര്‍ജുന്‍ കുറിച്ചു.