ചെന്നൈ:തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ സലൂണുകൾ, ബ്യൂട്ടി പാർലറുകൾ, ടീ ഷോപ്പുകൾ, പാർക്കുകൾ, മദ്യശാലകൾ എന്നിവ തുറന്നു.
വെള്ളിയാഴ്ചയാണ് കൂടുതൽ ഇളവോടെ ലോക്ക്ഡൗൺ ജൂൺ 21 വരെ നീട്ടിയത്. 11 ജില്ലകൾ ഒഴികെ എല്ലാ ജില്ലകളിലും ഇളവുകൾ നൽകിയിട്ടുണ്ട്. ചെന്നൈ ഉൾപ്പെടെയുള്ള 27 ജില്ലകൾ ഇവയിൽ ഉൾപ്പെടും.
ഇളവുകള്‍ എന്തിനൊക്കെ?
സലൂണുകൾ, ബ്യൂട്ടി പാർലറുകൾ, സ്പാ എന്നിവയുൾപ്പെടെ രാവിലെ ആറ് മുതൽ വൈകുന്നേരം അഞ്ച് വരെ എയർകണ്ടീഷണറുകൾ ഇല്ലാതെ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഒരു സമയം 50 ശതമാനം ഉപഭോക്താക്കളെ മാത്രമേ അനുവദിക്കുകയുള്ളൂ.
സർക്കാർ പാർക്കുകൾ രാവിലെ ആറ് മുതൽ രാത്രി ഒൻപത് വരെ തുറന്നിരിക്കും. വൈൻ ഷോപ്പുകൾ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ തുറക്കാനും അനുമതി നൽകിയിട്ടുണ്ട്.
കാർഷിക ഉപകരണങ്ങൾ, പമ്പ് സെറ്റുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ നന്നാക്കുന്ന കടകൾക്ക് രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. മിക്സി, ഗ്രൈൻഡർ, ടിവി, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ നന്നാക്കുന്ന കടകൾക്ക് രാവിലെ ഒൻപതിനും ഉച്ചയ്ക്ക് രണ്ടിനും ഇടയിൽ പ്രവർത്തിക്കാനാകും.
Read More: നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി തമിഴ്‌നാട്; മദ്യശാലകള്‍ തുറക്കാം
അഡ്മിഷൻ നടപടികൾക്കായി മാത്രം സ്കൂളുകൾക്കും കോളേജുകൾക്കും പ്രവർത്തിക്കാൻ അനുവാദമുണ്ട്. വ്യവസായ സ്ഥാപനങ്ങൾ 33 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കും. വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകൾക്കും രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കാൻ അനുവാദമുണ്ട്. മെയ് 10 മുതൽ സംസ്ഥാനം ലോക്ക്ഡൗണിലാണ്.