ന്യൂയോര്‍ക്ക്:അമേരിക്കയിലെ ന്യൂയോർക്കില്‍ ഒരു പരിപാടിക്കിടെ അക്രമിയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രമുഖ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്‌ദിയുടെ ആരോഗ്യനിലയില്‍ പുരോഗതി. വെന്‍റിലേറ്ററില്‍ നിന്ന് സല്‍മാന്‍ റുഷ്‌ദിയെ മാറ്റി. റുഷ്‌ദി സംസാരിച്ചു തുടങ്ങിയെന്നും അല്‍പ ദൂരം നടന്നുവെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
റുഷ്‌ദിക്ക് കുത്തേറ്റ ന്യൂയോര്‍ക്കിലെ പരിപാടിയുടെ സംഘാടകരായ ഷട്ടോക്വാ ഇന്‍സ്റ്റിറ്റ്യൂഷന്‍ പ്രസിഡന്‍റ് മൈക്കിള്‍ ഹില്‍ ആരോഗ്യനില സംബന്ധിച്ച് ട്വീറ്റ് ചെയ്‌തു. 'സല്‍മാന്‍ റുഷ്‌ദിയെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി, (റുഷ്‌ദി) സംസാരിക്കുന്നുണ്ട്, എല്ലാവരും പ്രാര്‍ഥിക്കുന്നു,' മൈക്കിള്‍ ഹില്‍ ട്വീറ്റ് ചെയ്‌തു. റുഷ്‌ദിയുടെ ഏജന്‍റ് ആന്‍ഡ്ര്യൂ വൈലി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പത്ത് തവണ കുത്തേറ്റു:ഓഗസ്റ്റ് 12ന് അമേരിക്കയിലെ ന്യൂയോർക്കില്‍ വച്ച് നടന്ന പരിപാടിക്കിടെയാണ് സൽമാൻ റുഷ്‌ദിക്ക് നേരെ ആക്രമണമുണ്ടായത്. വേദിയിലേക്ക് കയറി വന്ന അക്രമി റുഷ്‌ദിയുടെ കഴുത്തിലും വയറിലും കുത്തുകയായിരുന്നു. റുഷ്‌ദിക്ക് പത്ത് തവണ കുത്തേറ്റതായാണ് അന്താരാഷ്‌ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴുത്തിന്‍റെ വലത് ഭാഗത്തായി മൂന്ന് തവണ കുത്തേറ്റ റുഷ്‌ദിയെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴുത്തിന് കുത്തേറ്റതിന് പുറമേ റുഷ്‌ദിയുടെ വയറില്‍ നാല് തവണയും വലത് കണ്ണിലും നെഞ്ചിലും വലത് തുടയിലും കുത്തേറ്റ മുറിവുകളുമുണ്ട്. 75കാരനായ റുഷ്‌ദിയുടെ കാഴ്‌ച ശക്തി നഷ്‌ടപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂജഴ്‌സി സ്വദേശിയായ ഹാദി മാതർ എന്ന 24 കാരനാണ് റുഷ്‌ദിയെ ആക്രമിച്ചതെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ അക്രമി കുറ്റം നിഷേധിച്ചിട്ടുണ്ട്. വധശ്രമം, അതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഇയാള്‍ക്ക് ശിക്ഷിക്കപ്പെട്ടാൽ 32 വർഷം വരെ ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റുഷ്‌ദിയെ ലക്ഷ്യമിട്ടുള്ള, പ്രകോപനപരമല്ലാത്ത, മുൻകൂട്ടി ആസൂത്രണം ചെയ്‌ത ആക്രമണമായിരുന്നുവെന്നാണ് കൗണ്ടി പ്രോസിക്യൂട്ടര്‍ ജാസണ്‍ ഷ്‌മിത്ത് കോടതിയില്‍ വാദിച്ചത്.