ഡെറാഡൂണ്‍: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദിന്‍റെ വീട് ആക്രമിച്ച 20 പേർക്കെതിരെ കേസ്. 'സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷൻഹുഡ് ഇൻ അവർ ടൈംസ്’ എന്ന അദ്ദേഹത്തിന്‍റെ പുതിയ പുസ്‌തകം പുറത്തിറങ്ങിയതിന് പിന്നാലെയാണ് സംഭവം.
ഹിന്ദുത്വ ആശയത്തെ തീവ്ര ഇസ്‌ലാമുമായി ഈ പുസ്‌തകത്തില്‍ ഖുർഷിദ് താരതമ്യപ്പെടുത്തിയിരുന്നു. ഇതിലെ വിദ്വേഷമാണ് അദ്ദേഹത്തിന്‍റെ വീട് ആക്രമിക്കാന്‍ കാരണം. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലുള്ള വസതിയില്‍ തിങ്കളാഴ്ചയാണ് ആക്രമണം നടന്നത്.
അക്രമം നടത്തിയ രാകേഷ് കപിൽ അടക്കം 20 പേർക്കെതിരെ കേസെടുത്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.ഐ നീലേഷ് ആനന്ദ് വാർത്ത ഏജൻസിയോട് പറഞ്ഞു. കോണ്‍ഗ്രസ് നേതാവിന്‍റെ പുസ്‌തകം കഴിഞ്ഞ ആഴ്‌ചയാണ് പുറത്തിറങ്ങിയത്. പിന്നാലെ, കേന്ദ്രമന്ത്രിമാരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ പുസ്‌തകത്തിനെതിരെ രംഗത്തെത്തി.