സിനിമ നിരൂപകരുടെ മോശം നിരൂപണങ്ങളെ കാറ്റില്‍ പറത്തി സൽമാൻ ഖാന്‍റെ ഫാമിലി എന്‍റര്‍ടെയ്‌നര്‍ 'കിസി കാ ഭായ് കിസി കി ജാന്‍'. റിലീസ് കഴിഞ്ഞ് അഞ്ച് ദിനം പിന്തുടരുമ്പോഴും വന്‍ ജനതിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പെടുന്നത്. തിങ്കളാഴ്‌ചത്തെ കലക്ഷനേക്കാള്‍ ചൊവ്വാഴ്‌ചത്തെ കലക്ഷനില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ് ചിത്രം.
എന്നാല്‍ കൊവിഡാനന്തര റിലീസുകളെ അപേക്ഷിച്ച് 'കിസി കാ ഭായ് കിസി കി ജാന്‍' ബോക്‌സോഫിസിൽ മികച്ച പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്. സിനിമയുടെ തിങ്കളാഴ്‌ചത്തെ കലക്ഷന്‍ 10 കോടി രൂപയാണെങ്കില്‍ 7.5 കോടി രൂപയാണ് ചിത്രം ചൊവ്വാഴ്‌ച നേടിയത്. സൽമാന്‍ ഖാന്‍റെ പ്രതിച്ഛായയാണ് 'കിസി കാ ഭായ് കിസി കി ജാന്‍റെ' ഏക രക്ഷ.
സിനിമയ്‌ക്കായി സല്‍മാന്‍റെ കടുത്ത ആരാധകർ നന്നായി പണം മുടക്കുന്നുണ്ട്. അഞ്ചാം ദിനത്തില്‍ 85 കോടി രൂപയാണ് സിനിമയുടെ ഡൊമസ്‌റ്റിക് നെറ്റ് കലക്ഷന്‍. അതേസമയം ആദ്യ ആഴ്‌ചയില്‍ 'കിസി കാ ഭായ് കിസി കി ജാന്' 100 കോടി കടക്കാനായില്ലെങ്കിലും വാരാന്ത്യത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ആഗോളതലത്തില്‍ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. 130 കോടി രൂപയാണ് 'കിസി കാ ഭായ് കിസി കി ജാന്‍' ആഗോളതലത്തില്‍ സ്വന്തമാക്കിയത്. ഈദ് റിലീസായെത്തിയ ചിത്രം റിലീസ് ദിനത്തില്‍ 15 കോടി രൂപയാണ് കലക്‌ട് ചെയ്‌തത്. സല്‍മാന്‍ ഖാന്‍ ചിത്രങ്ങളെ അപേക്ഷിച്ച് 'കിസി കാ ഭായ് കിസി കി ജാന്' മോശം തുടക്കമായാണ് വിലയിരുത്തുന്നത്.