മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ ഭീഷണി (Salman Khan receives threat). ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ (gangster Lawrence Bishnoi) ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഭീഷണി ലഭിച്ചത്. ഇതിന് മുന്നെയും സൽമാൻ ഖാന് ഗുണ്ടാസംഘത്തിന്‍റെ ഭീഷണി നേരിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് മുംബൈ പൊലീസ് അദ്ദേഹത്തിന് വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
'ബോളിവുഡ് നടൻ സൽമാൻ ഖാന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭീഷണി ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന്‍റെ സുരക്ഷ അവലോകനം ചെയ്‌തതായി മുംബൈ പോലീസ് പറഞ്ഞു. ഗുണ്ടാസംഘം നേതാവ് ലോറൻസ് ബിഷ്‌ണോയിയുടേതായി അവകാശപ്പെടുന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നവംബര്‍ 26 നാണ് ഭീഷണി സന്ദേശം ഉയര്‍ന്നതെന്ന് പോലീസ് പറഞ്ഞു.
"നിങ്ങൾ സൽമാൻ ഖാനെ സഹോദരനായിട്ടാണ് കണക്കാക്കുന്നത്, എന്നാൽ ഇപ്പോൾ നിങ്ങളുടെ 'സഹോദരന്' നിങ്ങളെ രക്ഷിക്കാനുള്ള സമയമാണ്," പഞ്ചാബി ഗായകൻ ജിപ്പി ഗ്രെവാളിനെ അഭിസംബോധന ചെയ്‌ത് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു, "ഈ സന്ദേശം സൽമാൻ ഖാന് കൂടിയാണ് - ദാവൂദ് നിങ്ങളെ രക്ഷിക്കുമെന്ന വ്യാമോഹത്തിൽ പെടരുത്, നിങ്ങളെ ആർക്കും രക്ഷിക്കാൻ കഴിയില്ല. സിദ്ധു മൂസ് വാലയുടെ മരണത്തെക്കുറിച്ചുള്ള നിങ്ങളുടെ നാടകീയമായ പ്രതികരണം ശ്രദ്ധിക്കപ്പെടാതെ പോയില്ല.
അദ്ദേഹം എങ്ങനെയുള്ള വ്യക്തിയായിരുന്നുവെന്നും അയാൾക്ക് ഉണ്ടായിരുന്ന ക്രിമിനൽ കൂട്ടുകെട്ടുകളെക്കുറിച്ചും ഞങ്ങൾക്കെല്ലാം അറിയാം. നിങ്ങൾ ഇപ്പോൾ ഞങ്ങളുടെ റഡാറിൽ എത്തിയിരിക്കുന്നു. ഇതൊരു ട്രെയിലറായി കണക്കാക്കാം; നിങ്ങൾ ആഗ്രഹിക്കുന്ന ഏത് രാജ്യത്തേക്കും ഓടിപ്പോകൂ, എന്നാൽ ഓർക്കുക, മരണത്തിന് വിസ ആവശ്യമില്ല; മരണം ക്ഷണിക്കപ്പെടാതെ വരുന്നു, ”പോസ്റ്റില്‍ പറയുന്നു.