തുമകുരു(കർണാടക):കാർ വാങ്ങാൻ മഹീന്ദ്ര ഷോറൂമിൽ എത്തിയ കർഷകന് നേരിടേണ്ടി വന്നത് വസ്ത്രത്തിന്‍റെ പേരിൽ കടുത്ത അപമാനം. അപമാനിച്ചത് ഷോറൂമിലെ ജീവനക്കാരൻ. മഹീന്ദ്ര ബൊലേറോ പിക്കപ്പ് വാങ്ങാൻ സുഹൃത്തുക്കളുമൊത്ത് മഹീന്ദ്ര ഷോറൂമിലെത്തിയതാണ് രാമനപാല്യ സ്വദേശിയായ കെംപെഗൗഡ എന്ന കർഷകൻ. എന്നാൽ ഷോറൂമിൽ അനുഭവിക്കേണ്ടി വന്നതാകട്ടെ ഫീൽഡ് ഓഫിസറിൽ നിന്നും കടുത്ത അപമാനവും.
കാർ വാങ്ങാനെത്തിയ കർഷകന് വസ്ത്രത്തിന്‍റെ പേരിൽ അപമാനം കർഷകന് മഹീന്ദ്ര ബൊലേറോ പിക്കപ്പ് വാങ്ങാൻ വാഹനത്തിന്‍റെ വില 10 രൂപ അല്ലെന്നും വാഹനം വാങ്ങാൻ ഇത്രയും ആളുകളെയും കൂട്ടി വരേണ്ട ആവശ്യമില്ലെന്നുമായിരുന്നു കർഷകന് ലഭിച്ച മറുപടി. കർഷകൻ ധരിച്ച വസ്‌ത്രം ഇഷ്‌ടപ്പെടാതിരുന്ന ഷോറൂം ജീവനക്കാരൻ അതിന്‍റെ പേരിലും അപമാനിക്കുകയുണ്ടായി.
എന്നാൽ സുഹൃത്തുക്കളിൽ നിന്നും ഉടൻ തന്നെ 10 ലക്ഷം രൂപ സമാഹരിച്ചാണ് കെംപെഗൗഡ നേരിട്ട അപമാനത്തിന് മറുപടി നൽകിയത്. 10 ലക്ഷം രൂപ നൽകി ഉടൻ തന്നെ കാർ നൽകണമെന്ന് കർഷകൻ ആവശ്യപ്പെട്ടു. എന്നാൽ കർഷകന്‍റെ പ്രതികരണത്തിൽ പകച്ച ഷോറൂം ജീവനക്കാർ മൂന്ന് ദിവസത്തിനുള്ളിൽ കാർ വിതരണം ചെയ്യാമെന്ന് അറിയിക്കുകയായിരുന്നു.
തുടർന്ന് മോശം പെരുമാറ്റത്തിനും പരിഹസിച്ചതിനും കെംപെഗൗഡ തിലകനഗര പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്‌തു. പിന്നീട് സെയിൽസ്‌മാനും മറ്റ് ജീവനക്കാരും കെംപെഗൗഡയോട് ക്ഷമാപണം നടത്തുകയും ക്ഷമാപണ കത്ത് നൽകുകയും ചെയ്‌തതോടെയാണ് പ്രശ്‌നം ഒത്തുതീർപ്പായത്.
Also Read: 'പ്രതിമ സ്ഥാപിക്കുന്നതുകൊണ്ട് നേതാജിയെ ബഹുമാനിക്കുന്നുവെന്ന് അർഥമില്ല'; കേന്ദ്രത്തിനെതിരെ മമത