മുംബൈ :ബോളിവുഡ് താരം അനുഷ്‌ക ശര്‍മ അവാര്‍ഡ്‌ദാന ചടങ്ങുകളിലോ സ്‌റ്റേജ് ഷോകളിലോ നടത്തുന്ന പരിപാടികളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി അടയ്‌ക്കാന്‍ ബാധ്യസ്ഥയാണെന്നറിയിച്ച് സെയില്‍സ് ടാക്‌സ് വകുപ്പ്. താരത്തിന്‍റെ പ്രകടനങ്ങളുടെ 'പകര്‍പ്പവകാശത്തിന്‍റെ ആദ്യ ഉടമ' താരം തന്നെയാണെന്നും അതുകൊണ്ടുതന്നെ അവയില്‍ നിന്ന് വരുമാനം ലഭിക്കുമ്പോൾ വിൽപ്പന നികുതി അടയ്ക്കാൻ ബാധ്യസ്ഥയാണെന്നും വകുപ്പ് ബോംബൈ ഹൈക്കോടതിയില്‍ അറിയിച്ചു. അനുഷ്‌ക ശര്‍മ സമര്‍പ്പിച്ച നാല് ഹര്‍ജികള്‍ക്ക് മറുപടിയായാണ് ബന്ധപ്പെട്ട അധികൃതരുടെ സത്യവാങ്‌മൂലം.
എന്താണ് സംഭവം :താരത്തിന്‍റേതായുള്ള പരിപാടികളുടെ നിര്‍മാതാക്കള്‍ക്ക് പ്രതിഫലത്തിന് പകരമായി കൈമാറുന്നത് ഒരു തരത്തില്‍ വില്‍പ്പന തന്നെയാണെന്നും അതിനാല്‍ നികുതി നല്‍കണമെന്നുമാണ് വകുപ്പ് സത്യവാങ്‌മൂലത്തില്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ മഹാരാഷ്‌ട്ര മൂല്യവർധിത നികുതി നിയമപ്രകാരം (വാറ്റ് ആക്‌ട്) 2012 മുതല്‍ 2016 വരെയുള്ള അസസ്‌മന്‍റ് വര്‍ഷങ്ങളിലെ വില്‍പ്പന നികുതി ആവശ്യപ്പെട്ട് സെയിൽസ് ടാക്‌സ് ഡെപ്യൂട്ടി കമ്മിഷണർ പുറപ്പെടുവിച്ച ഉത്തരവിനെതിരെ അനുഷ്‌ക ശര്‍മ മുമ്പ് കോടതിയെ സമീപിച്ചിരുന്നു. സിനിമയിലോ പരസ്യത്തിലോ സ്‌റ്റേജ് - ടിവി ഷോകളിലോ പ്രകടനം നടത്തുന്ന താരമാണെന്നും അല്ലാതെ അതിന്‍റെ സ്രഷ്ടാവെന്നോ നിർമ്മാതാവെന്നോ വിളിക്കാൻ കഴിയില്ലെന്നും അനുഷ്‌ക കോടതിയെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ തനിക്ക് പകര്‍പ്പവകാശം ഇല്ലെന്നും താരം കോടതിയില്‍ വാദിച്ചു.
എന്നാല്‍ അനുഷ്‌ക ശര്‍മ പകർപ്പവകാശ നിയമത്തിന് കീഴിലുള്ള പെര്‍ഫോര്‍മര്‍ ആണെന്നും അതുകൊണ്ടുതന്നെ അവരുടെ എല്ലാ കലാപരമായ പ്രകടനത്തിലും അത് സൃഷ്‌ടിക്കപ്പെടുന്നുണ്ടെന്നും ഇന്ന് സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലൂടെ വില്‍പ്പന നികുതി വകുപ്പ് കോടതിയെ അറിയിച്ചു. ഇതോടെ ജസ്‌റ്റിസ് നിതിന്‍ ജംദാര്‍, അഭയ് അഹൂജ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് കേസ് വ്യാഴാഴ്‌ച പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.