ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാനും (Shah Rukh Khan) തെലുഗു സൂപ്പര്‍ താരം പ്രഭാസും (Prabhas) 2023 ക്രിസ്‌മസിന് ബോക്‌സോഫിസില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്. പ്രഭാസിന്‍റേതായി റിലീസിനൊരുങ്ങുന്ന 'സലാറി'ന്‍റെ റിലീസ് തീയതി നിര്‍മാതാക്കള്‍ വെള്ളിയാഴ്‌ച (സെപ്‌റ്റംബര്‍ 29) പുറത്തുവിട്ടതോടെ കിങ് ഖാന്‍ ആരാധകരും പ്രഭാസ് ആരാധകരും ഒന്നടങ്കം ആവേശത്തിലാണ്.
ബോളിവുഡ് ബാദ്‌ഷയുടെയും തെലുഗു സൂപ്പര്‍ താരത്തിന്‍റെയും ചിത്രങ്ങള്‍ ഒരേ ദിനം തിയേറ്ററുകളില്‍ എത്തുമ്പോള്‍ വിജയം ആര്‍ക്കൊപ്പം എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഷാരൂഖ് ഖാന്‍റെ 'ഡുങ്കി'യും (Dunki) 'സലാറും' (Salaar) ഡിസംബര്‍ 22നാണ് തിയേറ്ററുകളില്‍ എത്തുന്നത്. കൊവിഡ് മഹാമാരിക്ക് ശേഷം സാവധാനം ഉയരുന്ന ഇന്ത്യന്‍ സിനിമ വ്യവസായത്തിന് അനാരോഗ്യകരമാണ് 'സലാര്‍', 'ഡുങ്കി' റിലീസ് ക്ലാഷുകള്‍ എന്നാണ് ട്രേഡ് അനലിസ്‌റ്റ് വിദഗ്‌ധര്‍ വിലയിരുത്തുന്നത്.
Also Read:Jawan Box Office Collection: കുതിച്ചുയര്‍ന്നു, പിന്നാലെ കിതച്ചു? ജവാന്‍ 22-ാം ദിന കലക്ഷന്‍ സാധ്യതകള്‍ പുറത്ത്
അതേസമയം 'ആദിപുരുഷ്' ആണ് പ്രഭാസിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ബോക്‌സോഫിസ് പരാജയമായിരുന്നു 'ആദിപുരുഷ്'. 'ആദിപുരുഷ്' പരാജയത്തിന് ശേഷം പ്രഭാസിന്‍റേതായി റിലീസിനെത്തുന്ന ചിത്രമെന്ന രീതിയില്‍ 'സലാറി'ന്‍റെ വിജയം താരത്തിന് അനിവാര്യമാണ്.
എന്നാല്‍ കിങ് ഖാന്‍ ചിത്രവുമായി ബോക്‌സോഫിസില്‍ കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങുന്ന 'സലാര്‍', പ്രഭാസിന്‍റെ കരിയറിലെ ഒരു നിര്‍ണായക ഘട്ടമായി മാറും എന്നതില്‍ സംശയമില്ല. അതേസമയം തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഷാരൂഖ് ഖാന്‍ ആരാധകര്‍. 2023ല്‍ രണ്ട് 1000 കോടികള്‍ നേടിയ ഷാരൂഖ് ഖാന്‍ ഇനി കാത്തിരിക്കുന്നത് രാജ്‌കുമാര്‍ ഹിറാനിയുടെ 'ഡുങ്കി'യിലൂടെ ഹാട്രിക് നേടാനാണ്.
Also Read:മൂര്‍ച്ചയുള്ള നോട്ടവും തീര്‍ച്ചയുള്ള ഭാവവുമായി വരദരാജ മന്നാര്‍ ; പിറന്നാള്‍ ദിനത്തില്‍ 'സലാറി'ലെ അഡാര്‍ ലുക്കുമായി പൃഥ്വിരാജ്
'പഠാന്‍' (Pathaan) ആയിരുന്നു ഷാരൂഖ് ഖാന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസ്. സെപ്‌റ്റംബര്‍ ഏഴിന് റിലീസിനെത്തിയ 'ജവാന്‍' (Jawan) ആയിരുന്നു ഷാരൂഖിന്‍റെ ഈ വര്‍ഷത്തെ രണ്ടാമത്തെ റിലീസ്. ഈ വര്‍ഷത്തെ ഷാരൂഖിന്‍റെ രണ്ട് റിലീസുകളും പ്രദര്‍ശന ദിനം മുതല്‍ ബോക്‌സോഫിസില്‍ റെക്കോഡുകള്‍ സൃഷ്‌ടിച്ചിരുന്നു. അതുകൊണ്ട് തന്നെ 2023ലെ മൂന്നാമത്തെ റിലീസും ബോക്‌സോഫിസില്‍ മികച്ച സംഖ്യകള്‍ സൃഷ്‌ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇത് പ്രഭാസ് ചിത്രത്തിന് തിരിച്ചടിയാകുമോ എന്നാണ് ആരാധകരുടെ ആശങ്ക.
ഹോംബാലെ ഫിലിംസാണ് 'സലാര്‍ ഭാഗം 2 സീസ്‌ഫയറി'ന്‍റെ റിലീസ് (Salaar Part 1 Ceasefire Release) തീയതി സോഷ്യല്‍ മീഡിയയിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 'ഉടന്‍ വരുന്നു! സലാര്‍ സീസ്‌ഫയര്‍ 2023 ഡിസംബര്‍ 22ന് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ എത്തും.' -ഇപ്രകാരമാണ് നിര്‍മാതാക്കള്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.
'സലാര്‍' റിലീസിനൊപ്പം 44 കാരനായ പ്രഭാസിന്‍റെ പുതിയ പോസ്‌റ്ററും നിര്‍മാതാക്കള്‍ പങ്കുവച്ചിട്ടുണ്ട്. പോസ്‌റ്ററില്‍ പ്രഭാസിന്‍റെ മുഖത്ത് തീവ്രമായ ഭാവമാണ് കാണാനാവുക. ഒരു കയ്യില്‍ വാളുമായി, ശരീരം മുഴുവന്‍ രക്തം പുരണ്ട അവസ്ഥയിലാണ് പോസ്‌റ്ററില്‍ പ്രഭാസിനെ കാണാനാവുക. 'കെജിഎഫ്' സംവിധായകന്‍ പ്രശാന്ത് നീൽ ആണ് സിനിമയുടെ സംവിധാനം.
Also Read:'സലാര്‍ അപ്ഡേറ്റ് പുറത്തുവിട്ടില്ലെങ്കില്‍ ആത്മഹത്യ ചെയ്യും' ; ഭീഷണിയുമായി പ്രഭാസ് ആരാധകന്‍