പ്രഭാസ്, പൃഥ്വിരാജ്, പ്രശാന്ത് നീല്‍ ചിത്രം 'സലാര്‍' പ്രദര്‍ശനത്തിനെത്തി ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷാരൂഖ് ഖാന്‍റെ 'ജവാൻ', 'പഠാൻ', രൺബീർ കപൂറിന്‍റെ 'ആനിമൽ', വിജയുടെ 'ലിയോ' എന്നീ ചിത്രങ്ങളേക്കാള്‍ മുന്നിലാണ് 'സലാറി'ന്‍റെ ആദ്യ ദിന അഡ്വാൻസ് ബുക്കിങ് കലക്ഷൻ (Salaar first day advance booking collection)
ഷാരൂഖിന്‍റെ 'ഡങ്കി'യുമായി ബോക്‌സോഫിസില്‍ മത്സരിച്ചെത്തിയ 'സലാറി'ന് മികച്ച ഓപ്പണിങ് ലഭിക്കുമെന്നാണ് പ്രാരംഭ കണക്കുകള്‍ നല്‍കുന്ന സൂചന. ആദ്യ ദിന അഡ്വാൻസ് ബുക്കിങ്ങിലൂടെ 48.94 കോടി രൂപ ചിത്രം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. 2023ലെ പ്രധാന ഹിറ്റുകളെ 'സലാര്‍' മറികടക്കുമെന്നാണ് അഡ്വാൻസ് ബുക്കിങ് നമ്പറുകൾ സൂചിപ്പിക്കുന്നത്.
Also Read:'സംതൃപ്‌തിയോടെ മാത്രമേ പ്രഭാസ് ആരാധകര്‍ തിയേറ്റര്‍ വിടു'; ഉറപ്പുമായി പൃഥ്വിരാജ്
2023ലെ ഏറ്റവും ഉയർന്ന ഓപ്പണിങ് ഡേ അഡ്വാൻസ് ബുക്കിങ് ഗ്രോസ്
- സലാര്‍ - 48.94 കോടി രൂപ
- ലിയോ - 46.36 കോടി രൂപ
- ജവാൻ - 40.75 കോടി രൂപ
- ആനിമല്‍ - 33.97 കോടി രൂപ
- പഠാൻ - 32.01 കോടി രൂപ
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്‌ത പഠാന്‍ പ്രദര്‍ശന ദിന അഡ്വാന്‍സ് ബുക്കിങ്ങിലൂടെ നേടിയത് 32.01 കോടി രൂപയാണ്. 40.75 കോടി രൂപയാണ് പ്രദര്‍ശന ദിന അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ജവാൻ നേടിയത്. അതേസമയം രൺബീർ കപൂറിന്‍റെ ആനിമൽ പ്രദര്‍ശന ദിന അഡ്വാന്‍സ് ബുക്കിങ്ങിലൂടെ നേടിയത് 33.97 കോടി രൂപയാണ്. വിജയ്‌യുടെ ലിയോ 46.36 കോടി രൂപയും നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രങ്ങളുടെയെല്ലാം റെക്കോഡുകള്‍ മറികടന്നിരിക്കുകയാണ് പ്രഭാസിന്‍റെ സലാര്‍. 48.94 കോടി രൂപയാണ് സലാര്‍ പ്രദര്‍ശന ദിന അഡ്വാൻസ് ബുക്കിങ്ങിലൂടെ നേടിയത്.
2023ല്‍ നോർത്ത് അമേരിക്കയിലെ 10 മികച്ച ഇന്ത്യൻ ഓപ്പണിങ്ങുകളിൽ 'സലാർ' ഇതിനോടകം തന്നെ ഇടംപിടിച്ചു. യുഎസ്എയിലും കാനഡയിലും ഏകദേശം 1.51 മില്യൺ ഡോളര്‍ പ്രീ-സെയിൽ കലക്ഷന്‍ നേടി ഷാരൂഖ് ഖാന്‍റെ പഠാനെ 'സലാര്‍' മറികടക്കുകയും ചെയ്‌തിരുന്നു. ആദ്യ ദിനം തന്നെ 100 കോടിയിലധികം ഗ്രോസ് കലക്ഷന്‍ നേടി 'സലാര്‍' ചരിത്രം സൃഷ്‌ടിക്കുമെന്നാണ് കണക്കുക്കൂട്ടലുകള്‍. നിലവിലെ കണക്കുകള്‍ പ്രകാരം, 'സലാര്‍' ബോക്‌സോഫിസ് ഭരിക്കുകയും റെക്കോർഡുകള്‍ ഭേദിക്കുകയും ചെയ്യും.
പ്രഭാസിനെ കൂടാതെ പൃഥ്വിരാജും സലാറില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സലാര്‍ റിലീസിനോടനുബന്ധിച്ച് സിനിമയെ കുറിച്ച് പൃഥ്വിരാജ് പ്രതികരിച്ചിരുന്നു. സലാര്‍ കണ്ട് ഒരു പ്രഭാസ് ആരാധകനും നിരാശനായി തിയേറ്റർ വിടില്ലെന്നായിരുന്നു പൃഥ്വിരാജിന്‍റെ വാക്കുകള്‍.
'ഇത് ഔട്ട് ആന്‍റ് ഔട്ട് ഡ്രാമയാണ്. പ്ലോട്ടിന്‍റെ സ്വാഭാവികമായ നാടകീയമായ പുരോഗതിയാണ് ഏറ്റവും വലിയ കാര്യം. ആക്ഷൻ രംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഒരു പ്രഭാസ് ആരാധകനും അസന്തുഷ്‌ടനായി തിയേറ്ററിൽ നിന്നും പുറത്തിറങ്ങില്ലെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും' -പൃഥ്വിരാജ് പറഞ്ഞു.
Also Read:'അവിശ്വസനീയമാംവിധം പ്രഭാസ് നല്ല ആളാണ്, പ്രശാന്തില്‍ നിന്ന് കഥ കേട്ടപ്പോള്‍ അതിശയിച്ച് പോയി'; സലാര്‍ വിശേഷങ്ങളുമായി പൃഥ്വിരാജ്