ഹോംബാലെ ഫിലിംസിന്‍റെ 'സലാർ ഭാഗം 1 സീസ്‌ഫയര്‍' (Salaar Part 1 Ceasefire) ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. പ്രഭാസിനെ (Prabhas) നായകനാക്കി പ്രശാന്ത് നീൽ (Prashanth Neel) സംവിധാനം ചെയ്‌ത ചിത്രം, റിലീസിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചയില്‍ ഇടംപിടിച്ചു.
ഡിസംബർ 22ന് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, മലയാളം ഭാഷകളിൽ ഈ ആക്ഷൻ ത്രില്ലർ റിലീസ് ചെയ്യും (Salaar Release). സലാര്‍ ഗ്രാൻഡ് തിയേറ്റർ റിലീസിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായിരിക്കുകയാണ്.
സലാറിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നല്‍കിയിരിക്കുന്നത്. രണ്ട് മണിക്കൂറും 55 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം. സലാര്‍ കാണാൻ ആകാംക്ഷയുള്ള ആരാധകർക്ക് ഇത് തീർച്ചയായും ആവേശകരമായ വാർത്തയാണ്. തീവ്രമായ നിരവധി സംഘട്ടന രംഗങ്ങള്‍, രക്തച്ചൊരിച്ചിലുകള്‍, ഭയപ്പെടുത്തുന്ന അക്രമ രംഗങ്ങള്‍ എന്നിവയെല്ലാം സലാറില്‍ അടങ്ങിയിട്ടുണ്ട്.
Also Read:പ്രഭാസിന്‍റെ ശത്രുവല്ല, മിത്രം! ഉറ്റ സുഹൃത്തുക്കളായി വരധരാജ മന്നാറും ദേവും; സലാര്‍ ട്രെയിലര്‍ പുറത്ത്
'സലാറില്‍' പൃഥ്വിരാജും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വരധരാജ മന്നാര്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദമാണ് 'സലാര്‍' പറയുന്നത്.
വരധരാജിന്‍റെ ബാല്യകാല സുഹൃത്ത് ദേവ് എന്ന നായക കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുക. പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കൂടാതെ ശ്രുതി ഹാസൻ, ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രവി ബസ്രൂർ ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയത്. ഭുവൻ ഗൗഡ ആണ് ഛായാഗ്രഹണം. 'കെജിഎഫ് ചാപ്‌റ്റര്‍ 2' എഡിറ്റര്‍ ഉജ്വൽ കുൽക്കർണി എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് സിനിമയുടെ നിര്‍മാണം. പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.
Also Read:ഒറ്റ ദിനം, റെക്കോഡുമായി സലാര്‍ ട്രെയിലര്‍ ; 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ ട്രെയിലര്‍
2020ലായിരുന്നു സിനിമയുടെ പ്രഖ്യാപനം. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ചിത്രീകരണം മുടങ്ങിയെങ്കിലും 2023 അവസാനത്തോടെ ചിത്രം റിലീസിനെത്തുകയാണ്. ബോക്‌സ് ഓഫീസിൽ ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ 'ഡങ്കി'യുമായി 'സലാര്‍' ഏറ്റുമുട്ടും. 'സലാറും' 'സങ്കി'യും വ്യത്യസ്‌ത ജെനറുകള്‍ ആണെങ്കിലും ഷാരൂഖിന്‍റെ സമീപകാല ബ്ലോക്ക്‌ബസ്‌റ്റര്‍ വിജയങ്ങളായിരുന്നു 'പഠാനും', 'ജവാനും'.
അതുകൊണ്ട് തന്നെ 'ഡങ്കി'യിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്. ഷാരൂഖ് ഖാന്‍ തരംഗത്തിനെതിരെ 'സലാർ' എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണാനുള്ള ആകാംക്ഷയും പ്രേക്ഷകര്‍ക്കുണ്ട്. ജനപ്രിയ താരമാണെങ്കിലും സമീപകാല ബോക്‌സ് ഓഫീസ് പരാജയം പ്രഭാസ് എന്ന ബ്രാൻഡിനെ തളര്‍ത്തിയിരുന്നു.
Also Read:പ്രഭാസ് ആരാധകനാണോ? എങ്കിൽ 'സലാർ' ടീം നിങ്ങൾക്കായി ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട്