ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഗുസ്‌തി താരങ്ങളുടെ സമരത്തില്‍ നിന്നും ഒളിമ്പിക് മെഡല്‍ ജേതാവ് സാക്ഷി മാലിക് പിന്‍മാറിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. റെയില്‍വേയില്‍ ഉദ്യോഗസ്ഥയായ സാക്ഷി മാലിക് സമരത്തില്‍ നിന്നും പിന്മാറി ജോലിയില്‍ തിരികെ പ്രവേശിച്ചു എന്നായിരുന്നു വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. ഇപ്പോഴിതാ ഈ റിപ്പോര്‍ട്ടുകള്‍ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് സാക്ഷി.
താന്‍ സമരത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്ന് വ്യക്തമാക്കിയ സാക്ഷി മാലിക് തിരികെ ജോലിയില്‍ പ്രവേശിച്ച കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നീതിക്കായുള്ള പോരാട്ടത്തില്‍ നിന്ന് ഞങ്ങളാരും പിന്നോട്ടു പോയിട്ടില്ലെന്ന് വ്യക്തമാക്കിയ താരം ട്വിറ്ററിലൂടെയാണ് രംഗത്ത് എത്തിയത്.
"ഈ വാർത്ത തീർത്തും തെറ്റാണ്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഞങ്ങളാരും പിന്നോട്ടില്ല. ഇനി പിന്മാറുകയുമില്ല. സത്യഗ്രഹം തുടരുന്നതിനൊപ്പം റെയില്‍വേയിലെ എന്‍റെ ഉത്തരവാദിത്തംകൂടി ഞാന്‍ നിര്‍വഹിക്കുന്നു. നീതി ലഭിക്കും വരെ ഞങ്ങളുടെ പോരാട്ടം തുടരും. ദയവായി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്", സാക്ഷി മാലിക് ട്വിറ്ററില്‍ വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് ഏറെനാളായി താരങ്ങള്‍ സമരത്തിലാണ്. ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പത്ത് പീഡന പരാതികളാണ് ഡല്‍ഹി പൊലീസില്‍ ലഭിച്ചത്.