ന്യൂഡൽഹി :ഫുട്‌ബോൾ അനിസ്ലാമികമല്ലെന്നും കളി ആരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്നതല്ലെന്നും ഇസ്ലാം പണ്ഡിതനായ സാജിദ് റാഷിദി. മുസ്ലിം യുവാക്കളിലെ ഫുട്‌ബോൾ ആരാധനയെ വിമർശിച്ചുകൊണ്ട് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ സർക്കുലർ ഇറക്കി ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
ഫുട്‌ബോളിൽ ഇസ്ലാം വിരുദ്ധമായി ഒന്നുമില്ല. അങ്ങനെയായിരുന്നെങ്കിൽ ലോകകപ്പിന് ഖത്തർ തന്നെ ആതിഥേയത്വം വഹിക്കുന്നത് എന്തുകൊണ്ടാണെന്നും സാജിദ് റാഷിദി ചോദിച്ചു. കായിക വിനോദമായതിനാൽ ആർക്കും ഫുട്‌ബോളിൽ താൽപര്യമുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കായിക താരങ്ങളെ ആരാധിക്കുന്നതിനോ ഏതെങ്കിലും രാജ്യത്തിന്‍റെ കൊടി പിടിക്കുന്നതിനോ മതവുമായി യാതൊരു ബന്ധവുമില്ല. അത് വ്യക്തിപരമായ കാര്യമാണ്. ഇന്ത്യൻ കളിക്കാരെ ഇഷ്‌ടപ്പെടുന്ന പാകിസ്ഥാൻകാരും പാക് കളിക്കാരെ ആരാധിക്കുന്ന ഇന്ത്യക്കാരുമുണ്ട്' - സാജിദ് റാഷിദി പറഞ്ഞു.
READ MORE:'സമസ്‌തയുടെ അഭിപ്രായം'; തീരുമാനം വ്യക്തികളുടേതെന്ന് വി ശിവൻകുട്ടി, ആരാധനയല്ല സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ് മാത്രം മതിയെന്ന് നാസർ ഫൈസി
കഴിഞ്ഞ ദിവസം സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി ഫുട്‌ബോൾ ലോകകപ്പിനെതിരെ ഉന്നയിച്ച പരാമർശങ്ങൾ ഏറെ ചർച്ചയായിരുന്നു. ഫുട്‌ബോൾ ലഹരിയാകരുതെന്നും ആരാധകർ അതിനായി പ്രാർഥനാസമയം ചെലവഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കായിക താരങ്ങളുടെ കട്ടൗട്ടുകളും ബാനറുകളും സ്ഥാപിച്ചുകൊണ്ട് അനാവശ്യമായി പണം ധൂർത്തടിക്കുന്ന പ്രവണതയിൽ നിന്ന് യുവാക്കൾ വിട്ടുനിൽക്കണമെന്നും ഇതിനെതിരെ പള്ളികളിൽ ബോധവത്കരണം നടത്തുമെന്നും നാസർ ഫൈസി പറഞ്ഞിരുന്നു.