ഹൈദരാബാദ്:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടായ സുരക്ഷ വീഴ്‌ചയെ അപലപിച്ച് സൈന നെഹ്‌വാൾ പോസ്റ്റ് ചെയ്‌ത ട്വീറ്റിന് നടൻ സിദ്ധാർഥ് നൽകിയ മറുപടിയിൽ പ്രതികരണവുമായി ബാഡ്‌മിന്‍റൺ താരവും ഒളിമ്പിക് മെഡൽ ജേതാവുമായ സൈന നെഹ്‌വാൾ. സിദ്ധാർഥിന് സഭ്യമായ ഭാഷ ഉപയോഗിക്കാമായിരുന്നു. നടൻ എന്ന നിലയിൽ സിദ്ധാർഥിനെ തനിക്ക് ഇഷ്‌ടമായിരുന്നുവെന്നും എന്നാൽ സിദ്ധാർഥിന്‍റെ പ്രതികരണം മോശമായി പോയെന്നും സൈന നെഹ്‌വാൾ ഇടിവി ഭാരതിനോട് പ്രതികരിച്ചു.
പ്രധാനമന്ത്രിയെ പഞ്ചാബിൽ തടഞ്ഞുവച്ചതിന് ജനുവരി 5ന് സൈന നെഹ്‌വാൾ ട്വിറ്ററിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ''സ്വന്തം രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച്ച ചെയ്താല്‍, ഒരു രാജ്യത്തിനും സ്വയം സുരക്ഷിതമെന്ന് പറയാനാവില്ല. കിട്ടാവുന്നതില്‍ ഏറ്റവും ശക്തമായ വാക്കുപയോഗിച്ച് ഞാനിക്കാര്യത്തില്‍ അപലപിക്കുന്നു.
അരാജകവാദികള്‍ പ്രധാനമന്ത്രി മോദിക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണമാണിത്.'' എന്നായിരുന്നു സൈനയുടെ പ്രതിഷേധ ട്വീറ്റ്. എന്നാൽ ഇതിനെ റീട്വീറ്റ് ചെയ്‌തുകൊണ്ട് സിദ്ധാർഥ് പോസ്റ്റ് ചെയ്‌ത മറുപടി സ്ത്രീവിരുദ്ധമാണെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ പലരും രംഗത്തെത്തി.