ഹൈദരാബാദ്: ഏതെങ്കിലും ഇടങ്ങളില്‍ വച്ച് താരങ്ങളെ കാണുമ്പോള്‍ ചിത്രങ്ങള്‍ പകര്‍ത്തുന്ന നിരവധി പാപ്പരാസികളെ നമ്മള് ദിനംപ്രതി കാണാറുണ്ട്. പലപ്പോഴും താരങ്ങളുടെ സ്വകാര്യ ജീവിതം സമൂഹത്തിന് മുമ്പില്‍ തുറന്നു കാണിക്കുന്നതും പാപ്പരാസികളാണ്. ചിലപ്പോള്‍, തങ്ങളുടെ സ്വകാര്യതയിലേക്ക് പാപ്പരാസികള്‍ കടന്നുകയറുന്നുവെന്ന് തോന്നിയാല്‍ അവരോട് ദേഷ്യം പ്രകടിപ്പിക്കുന്ന താരങ്ങളെയും നാം കണ്ടിട്ടുണ്ട്.
പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായി സെയ്ഫ്:അത്തരത്തിലൊരു പ്രതികരണമാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സെയ്ഫ് അലി ഖാനെയും ഭാര്യ കരീന കപൂറിനെയും പിന്തുടര്‍ന്ന പാപ്പരാസികളോട് നടന് ദേഷ്യപ്പെടുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. രാത്രി, പാര്‍ട്ടി കഴിഞ്ഞ് എത്തിയ താരങ്ങളെ പാപ്പരാസികള്‍ പിന്തുടര്‍ന്നതാണ് താരത്തെ ചൊടിപ്പിച്ചത്.
നടി മലൈക അറോറയുടെ അമ്മയുടെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തുന്ന താരങ്ങളെ കാത്ത് പാപ്പരാസികള്‍ വീടിന് മുന്നില്‍ തന്നെയുണ്ടായിരുന്നു. തുടക്കത്തില്‍ പാപ്പരാസികളെ നോക്കി ചിരിച്ച ശേഷം സെയ്ഫ് അലി ഖാന് നടന്നു നീങ്ങിയിരുന്നു. തുടര്‍ന്ന് പാപ്പരാസികള്‍ ഇരുവരോടും പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ താരം 'ഞങ്ങളുടെ കിടപ്പുമുറിയിലേക്ക് വരു' എന്ന് പറഞ്ഞാണ് തന്റെ ദേഷ്യം പ്രകടിപ്പിച്ചത്.
ശേഷം, പാപ്പരാസികളോട് ഗുഡ് നൈറ്റ് പറഞ്ഞ് സെയ്ഫ് അലി ഖാന് വാതില്‍ അടയ്ക്കുന്നുമുണ്ട്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നിരവധി പേരാണ് താരത്തിന്റെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുമായി എത്തുന്നത്.
പ്രതികരിച്ച് നിരവധി താരങ്ങള്‍:നേരത്തെ മുംബൈയില്‍ വച്ച് തങ്ങളുടെ മകന് തൈമൂറിനെ പിന്തുടര്ന്ന് പാപ്പരാസികള്‍ എത്തിയ സംഭവത്തില്‍ താരം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പാപ്പരാസികള്‍ തന്റെ വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ ശേഷം, തന്റെയും വീടിന്റെയും ഫോട്ടോ പകര്‍ത്തിയ സംഭവത്തില്‍ ബോളിവുഡ് താരം ആലിയ ഭട്ടും പ്രകോപിതയായിരുന്നു. അനുവാദം ചോദിക്കാതെ ഉള്ളില്‍ പ്രവേശിക്കുന്നത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് താരം തുറന്നടിച്ചു.