കശ്‌മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്‍റെ പേര് പറഞ്ഞ് നടത്തുന്ന ആൾക്കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്ന പ്രസ്‌താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി നടി സായ് പല്ലവി. തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും ഏത് രൂപത്തിലുമുള്ള അക്രമവും തെറ്റാണെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും നടി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. പ്രസ്‌താവന വിവാദമായതിന് പിന്നാലെ നടിക്കെതിരെ ബജ്‌റംഗ്‌ദള്‍ നേതാക്കള്‍ ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
'അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിൽ, ഞാൻ ഇടതുപക്ഷത്തേയൊ വലതുപക്ഷത്തെയോ പിന്തുണയ്ക്കുന്ന ആളാണോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. നിഷ്‌പക്ഷ നിലപാടാണ് തനിക്കുള്ളതെന്ന് ഞാന്‍ കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നു. ഏതെങ്കിലും കാര്യത്തില്‍ വിശ്വാസം രൂപപ്പെടുത്തുന്നതിന് മുന്‍പ് നമ്മൾ ആദ്യം നല്ല മനുഷ്യരാകണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,' താരം വീഡിയോയിൽ പറഞ്ഞു.
ഏത് രൂപത്തിലുമുള്ള അക്രമവും തെറ്റ്: മൂന്ന് മാസം മുമ്പ് വിവേക് അഗ്നിഹോത്രിയുടെ 'ദ് കശ്‌മീർ ഫയൽസ്' കണ്ടെന്നും ചിത്രത്തില്‍ കാണിച്ചിരിക്കുന്ന കശ്‌മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയിൽ താന്‍ അസ്വസ്ഥയായെന്നും ഇക്കാര്യം സംവിധായകനുമായി സംസാരിച്ചിരുന്നുവെന്നും സായി പല്ലവി പറഞ്ഞു. വംശഹത്യ പോലെയുള്ള ദുരന്തത്തെയും അത് ഇപ്പോഴും അനുഭവിക്കുന്നവരേയും ഒരിക്കലും താന്‍ നിസാരവത്കരിക്കില്ലെന്നും താരം വ്യക്തമാക്കി. കൊവിഡ് കാലത്തെ ആൾക്കൂട്ട കൊലകള്‍ തന്നെ അഗാധമായി ബാധിച്ചിരുന്നുവെന്നും താരം പറഞ്ഞു.