സൂപ്പർ താരം സഹൽ അബ്‌ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു. കൊൽക്കത്തൻ ക്ലബ്ബായ മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്‌സിലേക്കാണ് താരം ചേക്കേറുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അഞ്ച് വർഷത്തെ കരാറിലാണ് സഹലിനെ മോഹൻ ബഗാൻ സ്വന്തമാക്കിയത്. സഹലിന് പകരം മോഹൻ ബഗാൻ പ്രതിരോധ താരം പ്രീതം കോട്ടാൽ ബ്ലാസ്റ്റേഴ്‌സിലേക്കെത്തി.
ബ്ലാസ്റ്റേഴ്‌സുമായി സഹലിന് ഇനി രണ്ട് വർഷത്തെ കരാർ ബാക്കിയുണ്ട്. 2.5 കോടി രൂപയ്‌ക്കാണ് താരത്തെ മോഹൻ ബഗാൻ സ്വന്തമാക്കിയതെന്നാണ് വിവരം. ട്രാൻസ്‌ഫർ ഫീയായി 90 ലക്ഷം രൂപയാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുക. 1.50 കോടി രൂപയാണ് പ്രീതം കോട്ടാലിന്‍റെ ട്രാൻസ്‌ഫർ ഫീസ്. അതേസമയം സഹൽ ടീമിലെത്തിയ വിവരം മോഹൻ ബഗാനും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരു താരത്തിനും, വെളിപ്പെടുത്താനാകാത്ത ട്രാൻസ്‌ഫർ ഫീക്കും പകരമായി സഹൽ അബ്ദുൾ സമദിനെ കൈമാറാൻ ക്ലബ് ധാരണയിലെത്തി. ഹൃദയ ഭാരത്തോടെയാണ് ക്ലബ് സഹലിനോട് വിടപറയുന്നത്. മുന്നോട്ടുള്ള യാത്രയ്‌ക്ക് ഞങ്ങൾ അദ്ദേഹത്തിന് ആശംസകൾ നേരുന്നു. ബ്ലാസ്റ്റേഴ്‌സ് ട്വിറ്ററിൽ കുറിച്ചു. മറ്റൊരു ട്വീറ്റിൽ ഒരായിരം നന്ദി സഹൽ അബ്‌ദുൾ സമദ് എന്ന തലക്കെട്ടോടെ മറ്റൊരു വീഡിയോയും കേരള ബ്ലാസ്റ്റേഴ്‌സ് പങ്കുവച്ചിട്ടുണ്ട്.
സന്തോഷ് ട്രോഫിയിലെ മികച്ച പ്രകടനത്തിന്‍റെ പിൻബലത്തിൽ 2018 കേരള ബ്ലാസ്റ്റേഴ്‌സ് ബി ടീമിലൂടെയാണ് സഹൽ മഞ്ഞപ്പടയിലേക്കെത്തിയത്. 2017 മുതൽ 2018 വരെ ബി ടീമിൽ 10 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ താരം സ്വന്തമാക്കി. പിന്നാലെ 2018ൽ സഹൽ സീനിയർ ടീമിൽ ഇടം നേടുകയായിരുന്നു. 2018 മുതൽ 2023 വരെ ബ്ലാസ്റ്റേഴ്‌സിനായി 92 മത്സങ്ങളിൽ സഹൽ ബൂട്ടണിഞ്ഞിട്ടുണ്ട്. ഇതിൽ 10 ഗോളുകളും താരം സ്വന്തമാക്കി.
2018-19 സീസണിൽ ഐഎസ്‌എൽ എമർജിങ് പ്ലയർ ഓഫ് ദി ഇയർ അവാർഡും സഹൽ സ്വന്തമാക്കി. ഇതിന് പിന്നാലെ താരത്തിന് ഇന്ത്യൻ ടീമിലേക്കും വിളിയെത്തി. 2019ൽ തായ്‌ലൻഡിൽ നടന്ന കിങ്‌സ് കപ്പിലൂടെ സഹൽ ദേശീയ ടീമിനായി അരങ്ങേറി. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്‍റെ എമർജിങ് പ്ലെയർ ഓഫ് ദി ഇയർ അവാർഡും അക്കൊല്ലം സഹലിനെ തേടിയെത്തി.
2019-20 സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി 18 മത്സരങ്ങളിലാണ് താരം പന്തുതട്ടിയത്. ബ്ലാസ്റ്റേഴ്‌സുമായി കരാർ നീട്ടിയതിന് ശേഷം 2020-21 ഐഎസ്‌എൽ സീസണിൽ 14 മത്സരങ്ങൾ കളിച്ച സഹൽ മൂന്ന് അസിസ്റ്റുകൾ സ്വന്തമാക്കുകയും ചെയ്‌തു. ഈയിടെ അവസാനിച്ച സാഫ് കപ്പിലും ഇന്‍റർകോണ്ടിനന്‍റൽ കപ്പിലും ഇന്ത്യക്കായി സഹൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ഇന്ത്യൻ ജഴ്‌സിയിൽ 30 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും സഹൽ സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം മോഹൻ ബഗാന്‍റെ വെറ്ററൻ താരമായ പ്രീതം കോട്ടാൽ 2014 മുതൽ ക്ലബ്ബിനൊപ്പം പന്തുതട്ടുന്നുണ്ട്. ഐ-ലീഗ് (2015), ഫെഡറേഷൻ കപ്പ് (2016) എന്നിവ നേടുന്നതിൽ മോഹൻ ബഗാനായി പ്രീതം കോട്ടാൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.