ഹരിദ്വാര്‍: ബിജെപി നേതാക്കളുടെ പ്രതിഷേധത്തിന് പിന്നാലെ ജനുവരി 25ന് പുറത്തിറങ്ങാന്‍ പോകുന്ന ഷാരുഖ്-ദീപിക താര ജോഡികളുടെ പത്താന്‍ ചിത്രത്തിനെതിരെ ചില ഹിന്ദു സന്യാസികളും രംഗത്ത്. ചിത്രത്തെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനമാണ് ഹരിദ്വാറിലെ ചില ഹിന്ദു സന്യാസികള്‍ നല്‍കിയിരിക്കുന്നത്. പത്താനിലെ 'ബേഷാരം രംഗ്' എന്ന് തുടങ്ങുന്ന ഗാനത്തിലെ ചില രംഗങ്ങളാണ് പ്രധാനമായും ഇവരെ പ്രകോപിപ്പിച്ചത്.
ഗാനത്തില്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച് ദീപിക പദുക്കോണ്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. ഇന്ത്യയില്‍ പല യുദ്ധ വീരന്‍മാരും ഉണ്ടായിട്ടുണ്ടെങ്കിലും അവരുടെ ജീവിതം അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രങ്ങള്‍ ബോളിവുഡില്‍ ഉണ്ടായിട്ടില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.
ഹിന്ദുയിസത്തെ കളങ്കപ്പെടുത്താനാണ് ഇത്തരം സിനിമകള്‍ എടുക്കുന്നതെന്ന് അഖാര പരിഷത്ത് അധ്യക്ഷന്‍ രവീന്ദ്ര പുരി ആരോപിച്ചു. ഒരു ഹിന്ദുവായിട്ടും കാവി നിറത്തെ അപമാനിക്കുന്ന ദീപിക പദുക്കോണിന്‍റെ നടപടി അംഗീകരിക്കാന്‍ ആവില്ല. കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചുള്ള രംഗം ഒഴിവാക്കണം. ഇങ്ങനെ ചെയ്‌തില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും രവീന്ദ്ര പുരി മുന്നറിയിപ്പ് നല്‍കി.
പത്താന്‍ വിഭാഗത്തെ അധിക്ഷേപിച്ച് വിഎച്‌പി നേതാവ്:വിശ്വഹിന്ദു പരിഷത്ത് നേതാവ് സാദ്വി പ്രാച്ചിയും പത്താന്‍ സിനിമയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നു. പത്താന്‍മാരെ സിഖുകാര്‍ നിലംപരിശരാക്കീയിരുന്നുവെന്നും വാളിന്‍റെ ഭയം കൊണ്ട് സ്‌ത്രീകളുടെ വേഷമായ സല്‍വാര്‍ ധരിച്ച അതേ പത്താനെ കുറിച്ചാണ് സിനിമയെന്നുമാണ് സ്വാദി പ്രാച്ചിയുടെ പരിഹാസം. തുക്കടെ- തുക്കടെ സംഘത്തില്‍പ്പെട്ട(രാജ്യത്തെ വെട്ടിമുറിക്കാന്‍ ആഗ്രഹിക്കുന്നവര്‍) ചിലര്‍ ഹിന്ദു മതത്തെ അപമാനിക്കാനാണ് പത്താന്‍മാരെ കുറിച്ചുള്ള സിനിമയെടുത്തത്. ഇതൊരിക്കലും വകവെച്ച് കൊടുക്കാന്‍ സാധിക്കില്ല. ചിത്രം ബഹിഷ്‌കരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കാളി സേന തലവന്‍ സ്വാമി ആനന്ദ് സ്വരൂപും ചിത്രത്തിലെ ഗാനത്തിനെതിരെ ശക്തമായി രംഗത്ത് വന്നു. ഷാരൂഖ് ഖാന്‍ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ പോയത് കൊണ്ടോ, ഹജ്ജ് കര്‍മ്മം ചെയ്‌തത് കൊണ്ടോ ചിത്രം വിജയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ ഈ ചിത്രം കാണാന്‍ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.