അയോധ്യ (ഉത്തര്‍പ്രദേശ്) :അഴിമതിയില്‍ മനം മടുത്തുവെന്ന് കത്തെഴുതി വച്ചതിന് ശേഷം സ്വന്തം കൈപ്പത്തി വെട്ടിമാറ്റി സന്ന്യാസി. അയോധ്യയിലെ രാം നഗരിയില്‍ സരയൂഘട്ടില്‍ കുളി കഴിഞ്ഞുകയറിയ സന്ന്യാസിയാണ് സ്വന്തം കൈപ്പത്തി വെട്ടിമാറ്റിയത്. ഗുരുതര പരിക്കുകളോടെ സന്ന്യാസിയെ സമീപവാസികളും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.
ഇന്ന് (സെപ്‌റ്റംബർ 3) പുലര്‍ച്ചെ സരയൂ തീരത്തുവച്ചാണ് സന്ന്യാസി തന്‍റെ കൈപ്പത്തി വെട്ടിമാറ്റിയത്. വലതുകൈപ്പത്തി പൂര്‍ണമായും അറ്റുപോയി. സന്ന്യാസിയുടെ പോക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി എഴുതിയ ഒരു കത്തും കണ്ടെടുത്തു.
പ്രധാനമന്ത്രി ആവാസ് യോജന, എംഎൻആർഇജിഎ, ശൗചാലയ പദ്ധതി, റവന്യൂ ഭൂപരിഷ്‌കരണം, റോഡ് നിര്‍മാണ പദ്ധതി, പെൺകുട്ടി വിവാഹ പദ്ധതി ഉള്‍പ്പടെ നിരവധി പദ്ധതികളിലെ ക്രമക്കേടിലും അഴിമതിയിലും നടപടി ആവശ്യപ്പെട്ടുകൊണ്ട് എഴുതിയതാണ് കത്ത്. ബിഹാറിലെ അരരിയ എന്ന സ്ഥലത്ത് നിന്നുള്ള വിമല്‍ കുമാര്‍ എന്നയാളാണ് സന്ന്യാസിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്‍റെ നില വഷളായതോടെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. സന്ന്യാസിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം കുളിച്ച് പുതുവസ്‌ത്രമണിഞ്ഞാണ് സന്ന്യാസി കൈപ്പത്തി വെട്ടിമാറ്റിയതെന്നും ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും അയോധ്യ സിഒ രാജേഷ് തിവാരി പറഞ്ഞു.