ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സഖ്യം രൂപീകരിച്ച് ശിരോമണി അകാലിദളും ബഹുജൻ സമാജ് പാർട്ടിയും. എസ്.എ.ഡി മേധാവി സുഖ്‌ബീർ സിങ് ബാദലും ബി.എസ്.പി നേതാവ് സതീഷ് മിശ്രയും സംയുക്തമായി ചേര്‍ന്നു നടത്തിയ വാർത്താസമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
2022-ൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.എസ്.പി 20 സീറ്റുകളില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. ബി.എസ്.പി മത്സരിക്കുന്ന സീറ്റുകൾ ഏതൊക്കെയാണെന്ന് പിന്നീട് പ്രഖ്യാപിക്കും. നേരത്തെ, ബി.ജെ.പിയുമായായിരുന്നു ശിരോമണി അകാലിദൾ സഖ്യത്തിലുണ്ടായിരുന്നത്. പിന്നീട് ബന്ധം ഉപേക്ഷിയ്ക്കുകയായിരുന്നു.
20 സീറ്റ് ബി.എസ്.പിയ്ക്ക്, 97 ല്‍ എസ്.എ.ഡി
തുടര്‍ന്ന്, വരുന്ന തെരഞ്ഞെടുപ്പില്‍ കോൺഗ്രസ്, ബി.ജെ.പി ഇതര കക്ഷികളുമായി സഖ്യമുണ്ടാക്കുമെന്ന് അധ്യക്ഷൻ ബാദൽ പ്രഖ്യാപിച്ചിരുന്നു. നേരത്തേ, അകാലിദൾ സഖ്യത്തിൽ 23 സീറ്റുകളിലായിരുന്നു ബി.ജെ.പി മത്സരിച്ചിരുന്നത്. പഞ്ചാബ് നിയമസഭയിലെ 117 സീറ്റുകളിൽ 20 എണ്ണത്തില്‍ ബി.എസ്.പിയും ബാക്കിയുള്ള 97 സീറ്റുകളിൽ എസ്.എ.ഡിയും മത്സരിക്കും.
പുതിയ സഖ്യത്തെ പഞ്ചാബ് രാഷ്ട്രീയത്തിലെ ചരിത്രപരമായ നീക്കമെന്ന് ബി.എസ്.പി എം.പി സതീഷ് മിശ്ര വിശേഷിപ്പിച്ചു. പഞ്ചാബിലെ ഏറ്റവും വലിയ പാർട്ടികളിലൊന്നായ എസ്.എ.ഡിയുമായി സഖ്യം രൂപീകരിക്കാന്‍ സാധിച്ചതിനാല്‍ ഇന്ന് ചരിത്രപരമായ ദിവസമാണെന്ന് മിശ്ര മാധ്യമങ്ങളോടു പറഞ്ഞു.
ALSO READ:കൊവിഡ് അനുബന്ധ വസ്‌തുക്കൾക്ക് നികുതി ഇളവ് വരുത്താൻ ജിഎസ്‌ടി കൗൺസിൽ തീരുമാനം