കേരളം

kerala

ETV Bharat / bharat

Rajasthan Assembly | 'ചുവന്ന ഡയറി നിറയെ ഗെലോട്ടിന് എതിരായ തെളിവുകൾ', രാജസ്ഥാൻ കോൺഗ്രസിനും സർക്കാരിനും തലവേദനയായി രാജേന്ദ്ര ഗുധ - രാജസ്ഥാൻ നിയമസഭ നാടകീയ രംഗങ്ങൾ

ഗെലോട്ട് സര്‍ക്കാരിനോട് ഇടഞ്ഞുനില്‍ക്കുന്ന സച്ചിന്‍ പൈലറ്റിന്‍റെ വിശ്വസ്‌തനാണ് രാജേന്ദ്ര ഗുധ. നിരവധി വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ അദ്ദേഹം നേരത്തേയും ആരോപണം ഉന്നയിച്ചിരുന്നു.

Sacked Rajasthan minister Gudha  Rajasthan assembly  Sacked Rajasthan minister dragged out assembly  രാജസ്ഥാൻ നിയമസഭ  രാജസ്ഥാൻ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍  ജയ്‌പൂർ
Etv Rajasthan Assembly

By

Published : Jul 24, 2023, 5:51 PM IST

Updated : Jul 24, 2023, 6:06 PM IST

ജയ്‌പൂർ:നാടകീയ രംഗങ്ങൾക്കാണ് ഇന്ന് രാജസ്ഥാൻ നിയമസഭ സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ അനധികൃത സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ കൈവശമുണ്ടെന്ന അവകാശവാദവുമായി മുന്‍ മന്ത്രിയും കോൺഗ്രസ് നേതാവുമായ രാജേന്ദ്ര ഗുധ എത്തിയതാണ് സംഭവം. അടുത്തിടെയാണ് സൈനികക്ഷേമ സഹമന്ത്രി സ്ഥാനത്ത് നിന്ന് രാജേന്ദ്ര ഗുധയെ പുറത്താക്കിയത്.

ചുവന്ന ഡയറിയുമായി സഭയില്‍: കോൺഗ്രസ് നേതാക്കൾ തന്നെ നിയമസഭയില്‍ നിന്ന് വലിച്ചിഴച്ചുവെന്നും ഇടിച്ചുവെന്നും രാജേന്ദ്ര ഗുധ മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. രാജേന്ദ്ര ഗുധ നിയമസഭയിൽ പ്രവേശിക്കാന്‍ ശ്രമിക്കവെ ഗെലോട്ട് പക്ഷ നിയമസഭാംഗങ്ങള്‍ തടയുകയായിരുന്നു. ഇത് ശരിവയ്‌ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ ക്രമവിരുദ്ധ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ഡയറി, നിയമസഭയിൽ അവതരിപ്പിക്കുകയായിരുന്നു മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട രാജേന്ദ്ര ഗുധയുടെ ലക്ഷ്യം.

'ഇടിച്ചു, ചവിട്ടി, ഡയറി തട്ടിപ്പറിച്ചു':ഗെലോട്ട് അനുകൂല മന്ത്രിമാരും എംഎൽഎമാരും തന്നെ ഇടിക്കുകയും ചവിട്ടുകയും തന്‍റെ കൈയിലുണ്ടായിരുന്ന ഡയറി തട്ടിപ്പറിക്കുകയും ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു. തന്നെ സഭയിൽ നിന്ന് പുറത്താക്കാൻ, വലിച്ചിഴച്ചാണ് കൊണ്ടുപോയത്. ആദായനികുതി റെയ്‌ഡിനിടെ മുഖ്യമന്ത്രി ഗെലോട്ടിന്‍റെ നിർദേശപ്രകാരം, കോൺഗ്രസ് നേതാവ് ധർമേന്ദ്ര റാത്തോഡിന്‍റെ വീട്ടില്‍ നിന്നാണ് ഡയറി എടുത്തതെന്നും ഗുധ മാധ്യമങ്ങളോട് പറഞ്ഞു.

മണിപ്പൂരിലെ സ്‌ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് സമാനമായ സംഭവങ്ങള്‍ രാജസ്ഥാനിലും നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം രാജേന്ദ്ര ഗുധ നിയമസഭയില്‍ പരാമര്‍ശിച്ചിരുന്നു. പിന്നാലെയാണ്, രാജസ്ഥാൻ മന്ത്രിസഭയില്‍ നിന്നും സൈനികക്ഷേമ സഹമന്ത്രിയായിരുന്ന രാജേന്ദ്ര ഗുധയെ പിരിച്ചുവിട്ടത്. മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്‍റെ വിശ്വസ്‌തനാണ് ഗുധ. നിരവധി വിഷയങ്ങളിൽ സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അദ്ദേഹം നേരത്തെ രംഗത്തെത്തിയിരുന്നു.

ഗെലോട്ടിന്‍റെ 'പുറത്താക്കല്‍ നടപടിയെ' ന്യായീകരിച്ച് കോൺഗ്രസ്:മന്ത്രി രാജേന്ദ്ര ഗുധയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ നീക്കത്തെ കഴിഞ്ഞ ദിവസം രാജസ്ഥാൻ കോൺഗ്രസ് ന്യായീകരിച്ചിരുന്നു. ഗുധയെ നേരത്തെ നീക്കേണ്ടതായിരുന്നുവെന്നും അദ്ദേഹത്തിന് ഒന്നിലധികം അവസരങ്ങൾ നൽകിയെന്നും രാജസ്ഥാൻ കോൺഗ്രസ് ഇൻചാർജ് അമൃത ധവാൻ പറഞ്ഞു. 'കോൺഗ്രസിന്‍റെ ഭാഗമായിരുന്ന് അദ്ദേഹം ബിജെപിയുടെ ഭാഷ സംസാരിച്ചാൽ അത് അംഗീകരിക്കാനാവില്ല. അദ്ദേഹത്തിന് ഒന്നിലധികം അവസരങ്ങൾ നൽകി, നേരത്തെ പുറത്താക്കേണ്ടതായിരുന്നു' - അമൃത ധവാന്‍, നടപടിയെക്കുറിച്ച് വ്യക്തമാക്കി.

READ MORE |'കോണ്‍ഗ്രസിനൊപ്പമിരുന്ന് ബിജെപിയുടെ ഭാഷ സംസാരിച്ചാല്‍ അംഗീകരിക്കാനാകില്ല'; രാജേന്ദ്ര ഗുധയെ പുറത്താക്കി കോണ്‍ഗ്രസ്

അതേസമയം, യാഥാർഥ്യം തുറന്നുകാട്ടിയതിന് രാജേന്ദ്ര ഗുധയ്‌ക്ക് നല്‍കേണ്ടി വന്ന വിലയാണ് ഇതെന്ന് പ്രതിപക്ഷമായ ബിജെപി പറഞ്ഞു. രാജസ്ഥാനിലെ സ്‌ത്രീകളുടെ ദുരവസ്ഥയെക്കുറിച്ച് സംസാരിച്ചതിനാണ് രാജേന്ദ്ര ഗുധയെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജസ്ഥാൻ മുഖ്യമന്ത്രി പുറത്താക്കിയതെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു. വിഷയത്തില്‍ പ്രതികരിച്ച് ഗുധയും രംഗത്തെത്തിയിരുന്നു. സത്യം പറഞ്ഞതിനാണ് താന്‍ ശിക്ഷിക്കപ്പെട്ടത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

Last Updated : Jul 24, 2023, 6:06 PM IST

ABOUT THE AUTHOR

...view details