കർണാടക: കർണാടകയിലെ ചിക്കബല്ലാപ്പൂരിലെ സത്യസായി ഗ്രാമത്തിൽ നടന്ന 'വൺ വേൾഡ്, വൺ ഫാമിലി' ടി-20 പ്രദർശന മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കർ നയിക്കുന്ന ‘വൺ വേൾഡ്’ ടീം ജേതാക്കളായി (Sachin Tendulkar One World team wins in One World One Family Cup). നിരാലംബരായ കുട്ടികൾക്കായുള്ള സ്റ്റേഡിയത്തിന്‍റെ ഉദ്‌ഘാടനമാണ് പ്രദർശന മത്സരത്തിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്.
'വൺ ഫാമിലി' ടീമിനെതിരെ ടോസ് നേടിയ വൺ വേൾഡ് ടീം ഫീൽഡിങാണ് തെരഞ്ഞെടുത്തത്. ഒരു ബോൾ ശേഷിക്കവെ, വൺ ഫാമിലി ടീമിന്‍റെ 182 റൺസ് വിജയലക്ഷ്യം മറികടന്നാണ് വിജയം. യുവരാജ് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള 'വൺ ഫാമിലി' ടീം 181 റൺസ് നേടിയിരുന്നു. ഓപ്പണർമാരായി ഇറങ്ങിയ ഡാരൻ മാഡിയും റൊമേഷ് കലുവിതാരണയും തുടക്കത്തിൽ മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത്.
എന്നാൽ വൺ ഫാമിലി 39 റൺസെടുത്തപ്പോഴേക്കും റൊമേഷ് പുറത്തായി. 8 റൺസെടുത്ത ശേഷം മുഹമ്മദ് കൈഫ് ക്രീസ് വിട്ടു. അപ്പോഴേക്കും ഡാരൻ മാഡി അർധസെഞ്ചുറി നേടി. 19 റൺസ് നേടിയ പാർഥിവ് പട്ടേലിന് അധിക നേരം കളിയിൽ തുടരാനായില്ല.
യൂസഫ് പഠാനും യുവരാജ് സിംഗിനും റൺ റേറ്റ് ഉയർത്താനായി. 38 റൺസിനാണ് യൂസഫ് പഠാൻ പുറത്തായത്. 23 റൺസുകളോടെ ക്യാപ്റ്റൻ യുവരാജ് സിംഗും പുറത്തായി.