ന്യൂഡൽഹി:പ്രമുഖരും ലോകനേതാക്കളും ഉൾപ്പെടെ വിദേശങ്ങളില്‍ കള്ളപ്പണം വെളുപ്പിക്കുന്നതും, അനധികൃത കമ്പനി ഇടപാടുകളും നടത്തുന്ന വിവരങ്ങൾ പുറത്തുവിടുന്ന പാൻഡോറ പേപ്പേഴ്‌സിൽ സച്ചിൻ തെണ്ടുൽക്കറും. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, പോപ്പ് സംഗീതജ്ഞ ഷക്കീറ, സൂപ്പർ മോഡൽ ക്ലോഡിയ ഷിഫർ, ലെൽ ദി ഫാറ്റ് വൺ എന്ന ഇറ്റാലിയൻ ട്രൂപ്പും പാൻഡോറ പേപ്പേഴ്‌സിൽ ഉൾപ്പെട്ടിട്ടുണ്ട്.
നിയമാനുസൃതമായ വിദേശനിക്ഷേപമാണുള്ളതെന്ന് സച്ചിൻ തെണ്ടുൽക്കറിന്‍റെ അഭിഭാഷകൻ
ഇന്ത്യയിൽ നിന്നുള്ള 300ലധികം പ്രമുഖരാണ് റിപ്പോർട്ടിലുള്ളത്. വിദേശത്ത് സച്ചിൻ തെണ്ടുൽക്കറിന് രഹസ്യഇടപാടുകളുണ്ടെന്ന് രേഖകളിൽ പറയുന്നു. എന്നാൽ, ക്രിക്കറ്റ് ഇതിഹാസത്തിന്‍റെ സമ്പത്ത് നിയമാനുസൃതമാണെന്നും ബന്ധപ്പെട്ട അധികാരികൾക്ക് മുൻപിൽ അത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സച്ചിന്‍റെ അഭിഭാഷകൻ പറഞ്ഞു.
ഷക്കീറയും തന്‍റെ സംരഭങ്ങളെ കുറിച്ച് അധികാരികളോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഗായികയുടെ അഭിഭാഷകൻ പറഞ്ഞു. കൃത്യമായി നികുതി അടക്കുന്നുണ്ടെന്ന് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ക്ലോഡിയ ഷിഫർ പ്രതികരിച്ചു.
150 മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള 600ലധികം മാധ്യമപ്രവർത്തകർ ചേർന്നാണ് ലോകത്തിലെ ഏറ്റവും വലിയ പബ്ലിക്കേഷനായ പാൻഡോറ പേപ്പേഴ്‌സ് പ്രസിദ്ധീകരിക്കുന്നത്. ഇന്‍റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസവും വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങളും ചേർന്നുള്ളതാണ് ഈ സംരംഭം. രണ്ട് വർഷത്തെ പ്രവർത്തനത്തിലൂടെയാണ് പാൻഡോറ പേപ്പേഴ്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Also Read: ഇന്ധനവില കുതിക്കുന്നു; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി
പാൻഡോറ പേപ്പേഴ്‌സിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ബന്ധമുള്ള ഏതാനും മന്ത്രിമാരും അംഗങ്ങളും ഉൾപ്പെടെ 400 പാകിസ്ഥാനികളും ഉൾപ്പെട്ടിട്ടുണ്ട്. അഞ്ച് വർഷം മുൻപ് 80 രാജ്യങ്ങളിൽ നിന്നുള്ള 400 ഓളം മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി പനാമ പേപ്പേഴ്‌സ് എന്ന പ്രസിദ്ധീകരണവും സമാനമായ രീതിയിൽ അന്വേഷണം നടത്തിയിരുന്നു.