മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ യഥാര്‍ത്ഥ പിന്‍ഗാമിയെന്ന വിശേഷിപ്പിക്കപ്പെട്ട താരമാണ് വിരാട് കോഹ്ലി. ഒരുമിച്ച് കളിച്ചിരുന്ന കാലത്ത് വിരാട് കോലി നല്‍കിയ അമൂല്യ സമ്മാനത്തെക്കുറിച്ച് തുറന്നു പറയുകയാണ് സച്ചിന്‍. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ഗ്രഹാം ബെന്‍ സിംഗറുടെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വികാരനിര്‍ഭരമായ ആ ഓര്‍മ സച്ചിന്‍ പങ്കുവെച്ചത്.
2013ല്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ തന്‍റെ കരിയറിലെ അവസാന ടെസ്റ്റിൽ ഔട്ടായി ഡ്രസിംഗ് റൂമില്‍ മടങ്ങിയെത്തിയതായിരുന്നു ഞാൻ. ഞാന്‍ വിരമിക്കുകയാണെന്നും ഇനിയൊരിക്കലും ഇന്ത്യന്‍ കുപ്പായമണിയില്ലെന്നുമുള്ള ചിന്ത എന്നെ വല്ലാതെ സങ്കടത്തിലാഴ്ത്തി.
'ആ സമയത്ത് വിരാട് എന്‍റെ അടുത്ത് വരുകയും അദ്ദേഹത്തിന്‍റെ അച്ഛന്‍ കയ്യിൽ കെട്ടി നൽകിയ ഒരു ചരട് എന്‍റെ കൈയില്‍ തന്നു. ഞാന്‍ കുറച്ചുനേരം എന്‍റെ കൈയില്‍ മുറുകെ പിടിച്ചതിന് ശേഷം അദ്ദേഹത്തിന് തന്നെ തിരികെ കൊടുത്തു. ഇത് അമൂല്യമായ ഒന്നാണെന്നും, നിന്‍റെ അവസാനശ്വാസം വരെ നീ ഇത് സൂക്ഷിക്കണം. അതുപറഞ്ഞു കൊണ്ട് ഞാന്‍ ആ ചരട് വിരാടിനെ തിരിച്ചേല്‍പ്പിച്ചു. വികാരനിര്‍ഭരമായ നിമിഷമായിരുന്നു അത്. എന്‍റെ ജീവിതത്തില്‍ ഓര്‍മയുള്ളിടത്തോളം കാലം ആ നിമിഷം എന്‍റെ മനസിലുണ്ടാവും, സച്ചിന്‍ പറഞ്ഞു'.