ജയ്‌പുര്‍ (രാജസ്ഥാന്‍): രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചതിനെതിരെ ഒളിയമ്പുമായി മുന്‍ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റ്. പ്രധാനമന്ത്രിയുടെ പ്രകീര്‍ത്തനത്തെ 'വളരെ കൗതുകമുണര്‍ത്തുന്നത്' എന്നും 'ചെറുതായി കാണേണ്ടതില്ല' എന്നും പറഞ്ഞ സച്ചിന്‍ പൈലറ്റ് ഇതിനെ കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദുമായി ബന്ധപ്പെട്ട സംഭവവുമായും താരതമ്യം ചെയ്‌തു. അതേസമയം ഇന്നലെ (01.11.2022) പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ മന്‍ഗർ ധാം സന്ദർശിക്കുകയും ഗെലോട്ടുമായി വേദി പങ്കിടുകയും ചെയ്‌ത സംഭവത്തിലാണ് സച്ചിന്‍ പൈലറ്റിന്‍റെ വിമര്‍ശനം.
സംഗതി 'ചെറുതായി കാണേണ്ട'; പ്രധാനമന്ത്രി പ്രകീര്‍ത്തിച്ച സംഭവത്തിന് പിന്നാലെ ഗെലോട്ടിനെതിരെ ഒളിയമ്പുമായി സച്ചിന്‍ പൈലറ്റ് - നരേന്ദ്ര മോദി
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചതിന് പിന്നാലെ അദ്ദേഹത്തെ പാര്‍ട്ടിവിട്ട ഗുലാം നബി ആസാദുമായി താരതമ്യപ്പെടുത്തി ഒളിയമ്പുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്
"മംഗർ ധാം സന്ദർശന വേളയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുകഴ്‌ത്തലുകള്‍ക്ക് നമ്മളെല്ലാം സാക്ഷികളായിരുന്നു. രാജ്യസഭ എംപിയായിരുന്ന ഗുലാം നബി ആസാദിനെ വിടവാങ്ങല്‍ വേളയില്‍ പ്രധാനമന്ത്രി പ്രശംസിച്ചപ്പോഴും സമാനമായ കാര്യങ്ങള്‍ നാമെല്ലാം കേട്ടതാണ്. അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം" എന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. ഇന്നലത്തേതും രസകരമായ ഒരു സംഭവവികാസമാണെന്നും അത് നിസാരമായി കാണേണ്ടതില്ലെന്നും അദ്ദേഹം ഗെലോട്ടിനെതിരെ വിമര്‍ശനം തൊടുത്തു.
പ്രധാനമന്ത്രി മോദി വിദേശ സന്ദര്‍ശനം നടത്തുമ്പോള്‍ അദ്ദേഹത്തിന് ലഭിക്കുന്ന ബഹുമതിയാണ് അദ്ദേഹം ജനാധിപത്യം നിലനിൽക്കുന്ന ഗാന്ധിയുടെ രാജ്യത്തെ പ്രധാനമന്ത്രിയായതുകൊണ്ടാണെന്ന് കഴിഞ്ഞദിവസം ഗെലോട്ട് മോദിയെ വേദിയിലിരുത്തി പ്രശംസിച്ചിരുന്നു. എന്നാല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നാളുകൾ അനുസ്‌മരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. താനും അശോക് ജിയും (ഗെലോട്ട്) ഒരുമിച്ച് മുഖ്യമന്ത്രിമാരായി പ്രവർത്തിച്ചിട്ടുണ്ടെന്നും തങ്ങളുടെ കൂട്ടത്തില്‍ സീനിയര്‍ അദ്ദേഹമായിരുന്നുവെന്നും പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചിരുന്നു. ഇപ്പോഴും വേദിയിലിരിക്കുന്നവരില്‍ ഏറ്റവും സീനിയര്‍ അദ്ദേഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെ വിമര്‍ശിച്ചാണ് സച്ചിന്‍ പൈലറ്റിന്‍റെ പ്രതികരണം.