മുംബൈ (മഹാരാഷ്ട്ര): ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കറുടെ പേരിൽ ഡീപ്പ് ഫേക്ക് വീഡിയോ ഉണ്ടാക്കിയ സംഭവത്തിനെതിരെ കേസെടുത്ത് മുംബൈ പൊലീസ് (Mumbai police took action against Sachin's deep fake video). സ്കൈവാർഡ് ഏവിയേറ്റർ ക്വസ്‌റ്റ് എന്ന ഒരു ഗെയിമിങ് ആപ്പിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ ആണ് പ്രചരിച്ചത്. ഇതിനെതിരെ പ്രതികരിച്ച് സച്ചിനും നേരത്തെ രംഗത്ത് വന്നിരുന്നു.
ഡീപ്പ് ഫേക്ക് വഴി നിർമ്മിച്ച സച്ചിന്‍റെ വീഡിയോയിൽ സച്ചിന്‍റെ ശബ്‌ദമാണ് കൃത്രിമമായി ചേർത്തത്. ഇന്ത്യയിലെ ഐക്കോണിക്ക് ബാറ്റർ ആപ്പിനെ പ്രോത്സാഹിപ്പിക്കുന്ന പോലെയാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. സച്ചിന്‍റെ മകൾ സാറാ ടെണ്ടുൽക്കർ ഓൺലൈൻ വഴി ആ ഗെയിം കളിച്ച് ധാരാളം പണം സമ്പാദിച്ചുവെന്നും എല്ലാവരും അത് കളിക്കണമെന്നും സച്ചിന്‍ ആവശ്യപ്പെടുന്നതു പോലുള്ള വീഡിയോ ആണ് പ്രചരിച്ചത്.
ഇതിനെതിരെ സച്ചിൻ പ്രതികരിക്കുകയും ആ വീഡിയോ തന്‍റേതല്ലെന്ന് എക്‌സിൽ കുറിക്കുകയും ചെയ്‌തു. മാത്രമല്ല അതിൽ മഹാരാഷ്ട്ര സൈബർ പൊലീസിനെയും ഇലക്ട്രോണിക്‌സ് ആന്‍റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനെയും, മന്ത്രി രാജീവ് ചന്ദ്രശേഖരനെയും പോസ്റ്റിൽ ടാഗ് ചെയ്‌തു.
'ഈ വീഡിയോകൾ വ്യാജമാണ്. സാങ്കേതികവിദ്യകളുടെ ദുരുപയോഗമാണിത്. ഇത്തരത്തിലുള്ള വീഡിയോകളും ആപ്പുകളും പരസ്യങ്ങളും എല്ലാം ജനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു'. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഇത്തരത്തിൽ ഉണ്ടാകുന്ന പരാതികളുടെ ഉത്തരവാദിത്വം സാമൂഹിക മാധ്യമത്തിനാണെന്നും അദ്ദേഹം തന്‍റെ എക്‌സിൽ കുറിച്ചു. ഈ വ്യാജ വാർത്ത പ്രചരിക്കാതിരിക്കാൻ എത്രയും പെട്ടെന്ന് നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.