ബെംഗളൂരു: 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുന്നതിനായി പ്രശസ്‌ത തെലുഗു ചലച്ചിത്ര സംവിധായകൻ എസ്എസ് രാജമൗലിയെ റായ്ച്ചൂർ ജില്ലയുടെ തെരഞ്ഞെടുപ്പ് ഐക്കണായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമിച്ചു. വോട്ടിങ്ങിനെ കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിനായിട്ടാണ് തെരഞ്ഞെടുപ്പ് വേളകളില്‍ കായിക താരങ്ങള്‍, ചലചിത്ര സംവിധായകര്‍, അഭിനേതാക്കള്‍ എന്നിവരെ ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് ഐക്കണായി നിയമിക്കുന്നത്. റായ്‌ച്ചൂര്‍ ജില്ലയില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഐക്കണായി രാജമൗലിയെ തെരഞ്ഞെടുത്തതായി ജില്ല കലക്‌ടര്‍ ചന്ദ്രശേഖര നായിക് അറിയിക്കുകയായിരുന്നു.
ജില്ലയിലെ മാനവി താലൂക്കിലെ അമരേശ്വര് ക്യാമ്പില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പ് ഐക്കണായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്‌ത തെലുഗു ചലചിത്ര സംവിധായകനായത് കൊണ്ട് തന്നെ അദ്ദേഹത്തെ ജനങ്ങള്‍ക്ക് വേഗത്തില്‍ തിരിച്ചറിയാനാവുമെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ തന്നെ തെരഞ്ഞെടുത്തതെന്നും കലക്‌ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനെയും വോട്ടിങ്ങിനെയും കുറിച്ച് വിവിധ സന്ദേശങ്ങളിലൂടെയും വീഡിയോകളിലൂടെയും ജനങ്ങളെ ബോധവത്‌കരിക്കുകയാണ് തെരഞ്ഞെടുപ്പ് ഐക്കണായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രധാന ദൗത്യം.
ഒരു തരത്തിലും ജനങ്ങള്‍ക്ക് നല്‍കുന്ന ബോധവത്‌കരണത്തില്‍ ഒരു പ്രത്യേക പാര്‍ട്ടിയേയും സ്ഥാനാര്‍ഥിയെയോ കുറിച്ച് പരാമര്‍ശം ഉണ്ടാകാന്‍ പാടില്ല.
എസ്‌എസ് രാജമൗലിയും ചിത്രങ്ങളും: ഒന്നിന് പിറകെ ഒന്നായി ഹിറ്റ് ചിത്രങ്ങള്‍ മാത്രം നല്‍കി രാജ്യത്തും പുറത്തും അംഗീകാരം നേടിയ സംവിധായകനാണ് എസ് എസ് രാജമൗലി. അദ്ദേഹത്തിന്‍റെ ബാഹുബലി എന്ന ചിത്രമാണ് ഇന്ത്യയിലെ മികച്ച ചിത്രങ്ങളിലൊന്ന്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്ന് ബാഹുബലി തന്നെയാണ്.