സിഡ്‌നി:അദാനി വിഷയത്തില്‍ ഹംഗേറിയന്‍ ശതകോടീശ്വരന്‍ ജോര്‍ജ് സോറോസിന്‍റെ പ്രസ്‌താവനയില്‍ പ്രതികരണവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. തന്‍റെ കാഴ്‌ചപ്പാടുകളിലൂടെ വേണം ലോകം പ്രവര്‍ത്തിക്കേണ്ടത് എന്ന് കരുതപ്പെടുന്ന ഒരു പഴയ ധനിക ചിന്താഗതിയുള്ള വ്യക്തിയാണ് സോറോസ് എന്ന് ജയശങ്കര്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ സിഡ്‌നിയില്‍ മന്ത്രി ക്രിസ് ബ്രൗണുമായി ചേര്‍ന്ന് ഒരു വേദിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ന്യൂയോര്‍ക്കില്‍ ഇരിക്കുന്ന പഴയ ധനികനായ ഒരു വ്യക്തിയാണ് ജോര്‍ജ് സോറോസ്. ലോകം എങ്ങനെ പ്രവര്‍ത്തിക്കണം എന്നത് തന്‍റെ കാഴ്‌ചപ്പാടുകള്‍ നിര്‍ണയിക്കണമെന്ന് കരുതുന്ന വ്യക്തിയാണ് അദ്ദേഹം. തങ്ങള്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അവരെപ്പോലുള്ളവര്‍ തെരഞ്ഞെടുപ്പ് നല്ലതാണെന്ന അഭിപ്രായം ഉന്നയിക്കും.
മറിച്ചായാല്‍, അവര്‍ പറയും ഇത് വികലമായ ജനാധിപത്യത്തിന്‍റെ ഫലമാണെന്ന്. തുറന്ന സമൂഹത്തിന്‍റെ വക്താക്കള്‍ എന്ന വ്യാജേനയാണ് അവരെല്ലാം ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നത് എന്നതാണ് ഇതിന്‍റെ ഭംഗി'- ജയശങ്കര്‍ പറഞ്ഞു.
വിദേശ നിക്ഷേപകരോടും പാര്‍ലമെന്‍റിനോടും അദാനി വിഷയത്തില്‍ മോദി ഉത്തരം പറയേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം മൗനം തുടരുകയാണ് ചെയ്യുന്നതെന്നാണ് കഴിഞ്ഞ ദിവസം ജോര്‍ജ് സോറോസ് അഭിപ്രായപ്പെട്ടത്. മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
മോദിയും അദാനിയും അടുത്ത സഖ്യകക്ഷികളാണ്. അദാനിക്കുണ്ടായ വിധി ഇന്ത്യന്‍ ഭരണസംവിധാനത്തില്‍ മോദിയുടെ തകര്‍ച്ചയ്‌ക്കും വഴിയൊരുക്കും. ഇതിലൂടെ ആവശ്യമായ സ്ഥാപനപരമായ പരിഷ്‌കാരങ്ങൾക്കുള്ള അവസരമൊരുങ്ങും. ഞാന്‍ ഒരു നിഷ്‌കളങ്കന്‍ ആയതുകൊണ്ടാണോ എന്നറിയില്ല, ഇന്ത്യയില്‍ ജനാധിപത്യത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്'- എന്നായിരുന്നു സോറോസിന്‍റെ പ്രസ്‌താവന.