ദുഷാൻബെ: ഷാങ്ഹായ് സഹകരണ സംഘടനയിൽ അഫ്‌ഗാൻ വിഷയം ചർച്ച ചെയ്‌ത് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ. ഇറാൻ, അർമേനിയ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായാണ് അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയത്. അഫ്‌ഗാൻ താലിബാൻ നിയന്ത്രണത്തിലാകുന്നതോടെ മേഖലയിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളും ഉഭയകക്ഷി ബന്ധങ്ങൾ ഭദ്രമാക്കേണ്ടതിന്‍റെ ആവശ്യകതയും യോഗങ്ങളിൽ ചർച്ചയായി.
ഇറാനിയൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലിയാനുമായി ചർച്ച നടത്താനായതിൽ സന്തോഷമുണ്ടെന്ന് ജയ്‌ശങ്കർ ട്വിറ്ററിൽ കുറിച്ചു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും മേഖലയിലെ പ്രതിസന്ധിയെ ഒരുമിച്ച് നേരിടുന്നതിനെക്കുറിച്ചും ചർച്ചയായെന്നും അദ്ദേഹം പറഞ്ഞു.
അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി നടന്ന കൂടിക്കാഴ്‌ചയിൽ ഉഭയകക്ഷി സഹകരണം സംബന്ധിച്ച് ഇരുവരും ക്രിയാത്മകമായി അവലോകനം ചെയ്‌തെന്നും ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കാൻ സമ്മതിച്ചതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.