വിയന്ന (ഓസ്‌ട്രിയ):യഥാര്‍ഥ നിയന്ത്രണ രേഖ ചൈന ഏകപക്ഷീയമായി മാറ്റാന്‍ ശ്രമിക്കുന്നതില്‍ ചൈനയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കര്‍. ZIB2 എന്ന ഓസ്‌ട്രിയന്‍ പോഡ്‌കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ചൈനയെ രൂക്ഷമായി വിമര്‍ശിച്ച് ജയ്‌ശങ്കര്‍ രംഗത്തെത്തിയത്. യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഏകപക്ഷീയമായ മാറ്റങ്ങള്‍ വരുത്തരുതെന്ന് ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഉള്ളതാണ്. ഇതാണ് ചൈന ലംഘിച്ചിരിക്കുന്നതെന്ന് ജയ്‌ശങ്കര്‍ ചൂണ്ടികാട്ടി.
യഥാര്‍ഥ നിയന്ത്രണ രേഖയിലെ പടിഞ്ഞാറന്‍ ഭാഗത്ത് ഗല്‍വാന്‍ താഴ്‌വരയും, പാങ്കോങ് തടാകവും കിഴക്ക് ഭാഗത്ത് തവാങ്ങും ഇന്ത്യ ചൈന സംഘര്‍ഷ മേഖലയായി ഉയര്‍ന്ന് വന്നിരിക്കുകയാണ്. ചൈനയുമായുള്ള ഇന്ത്യയുടെ അനുഭവം ആശങ്ക ഉണര്‍ത്തുന്നതാണെന്ന് ജയ്‌ശങ്കര്‍ വ്യക്തമാക്കി. അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തിപ്പെടുത്തരുതെന്ന് ഇരു രാജ്യങ്ങളും തമ്മില്‍ കരാറുണ്ട്. ഇത് പാലിക്കാന്‍ ചൈന തയ്യാറായിട്ടില്ല. ഇത് കാരണമാണ് അതിര്‍ത്തിയില്‍ സംഘര്‍ഷാത്‌മക സാഹചര്യമുണ്ടായിട്ടുള്ളതെന്ന് ജയ്‌ശങ്കര്‍ വ്യക്തമാക്കി.
ഇന്ത്യ-ചൈന 17-ാം റൗണ്ട് കമാന്‍ഡര്‍ തല ചര്‍ച്ച ഡിസംബര്‍ 20ന് നടന്നിരുന്നു. യഥാര്‍ഥ നിയന്ത്രണ രേഖയിലെ പടിഞ്ഞാറന്‍ സെക്‌ടറില്‍ സുരക്ഷയും സ്ഥിരതയും പാലിക്കാന്‍ ഈ ചര്‍ച്ചയില്‍ ഇരു പക്ഷവും ധാരണയായിരുന്നു. അതിര്‍ത്തിയുമായി ബന്ധപ്പെട്ട കരാറുകള്‍ ഇന്ത്യ പാലിക്കുന്നില്ലെന്ന് ചൈന ഒരു പക്ഷെ കുറ്റപ്പെടുത്തിയേക്കാം എന്നാല്‍ ആരാണ് കുറ്റക്കാര്‍ എന്നത് ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുമെന്ന് ജയ്‌ശങ്കര്‍ പറഞ്ഞു.
രക്ഷാസമിതി പരിഷ്‌കരിക്കണം: ഐക്യരാഷ്‌ട്രസഭ രക്ഷാസമിതിയില്‍ പരിഷ്‌കരണം വേണമെന്ന് ജയ്‌ശങ്കര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ചൈനയെ മറികടന്ന് ഈ വര്‍ഷം തന്നെ മാറിയേക്കാവുന്ന ഇന്ത്യ രക്ഷാസമിതിയില്‍ ഇല്ല എന്നുള്ളത് ഐക്യരാഷ്‌ട്രസഭയുടെ അവസ്ഥയെകുറിച്ച് എന്താണ് പറയുന്നതെന്ന് ജയ്‌ശങ്കര്‍ ചോദിച്ചു. രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന്‍റെ എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കുന്ന രാജ്യങ്ങള്‍ക്ക് ഐക്യരാഷ്‌ട്രസഭയില്‍ തിടുക്കം പിടിച്ച് കാലോചിതമായ പരിഷ്‌കരണങ്ങള്‍ നടത്തണമെന്ന ആഗ്രഹമില്ല.
എന്നാല്‍ ഇത് ദീര്‍ഘദൃഷ്‌ടിയോടുള്ള വീക്ഷണമല്ല. രക്ഷാസമിതിയില്‍ കാലോചിതമായ പരിഷ്‌കരണങ്ങള്‍ വരുത്തിയില്ലെങ്കില്‍ ഐക്യരാഷ്‌ട്ര സഭയുടെ വിശ്വാസ്യത നഷ്‌ടമാകുമെന്ന് ജയ്‌ശങ്കര്‍ പറഞ്ഞു. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ഒരു രാജ്യവും യുഎന്‍ രക്ഷാസമിതിയില്‍ ഇല്ലാത്ത സാഹചര്യവും ജയ്‌ശങ്കര്‍ വ്യക്തമാക്കി. യുഎന്‍ രക്ഷാസമിതിയില്‍ പരിഷ്‌കരണം വേണമെന്നാഗ്രഹിക്കുന്ന അംഗരാജ്യങ്ങളുടെ എണ്ണം കൂടിവരികയാണെന്നു ജയ്‌ശങ്കര്‍ പറഞ്ഞു.