പനാജി:ഗോവയില്‍ നടന്ന, ഷാങ്‌ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്‌സിഒ) ഉച്ചകോടിയില്‍ 14 വര്‍ഷത്തിന് ശേഷം ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയെ കൈകൂപ്പി നമസ്‌കാരം പറഞ്ഞ് സ്വീകരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഹസ്‌തദാനം നല്‍കി സ്വീകരിക്കുന്ന പതിവ് രീതികളില്‍ നിന്നും വിപരീതമായാണ് ഇത്തവണ ജയശങ്കര്‍ നമസ്‌കാരം പറഞ്ഞ് സ്വീകരിച്ചത്. ഷാങ്‌ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ മീറ്റിങിന്‍റെ രണ്ടാം ദിനവും അതോടൊപ്പം തന്നെ സമാപന ദിനവുമായ ഇന്ന് അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പാകിസ്ഥാനെ പേരെടുത്തു പറയാതെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയും എസ്‌സിഒ അധ്യക്ഷനുമായ എസ് ജയശങ്കര്‍ പ്രസംഗം ആരംഭിച്ചത്.
പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് എസ്‌സിഒ അധ്യക്ഷന്‍:ഭീകരവാദത്തിന്‍റെ ഭീഷണി അനിയന്ത്രിതമായി തുടരുകയാണ്. ഏത് വിധേനയായാലും ഭീകരവാദം പ്രോത്സാഹിപ്പിക്കാനാവില്ല. ഇന്ത്യയുടെ 14ല്‍ അധികം സാമൂഹിക സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കാന്‍ മറ്റ് വിദേശ മന്ത്രിമാരെ ക്ഷണിച്ചുകൊണ്ടായിരുന്നു ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി അഞ്ഞടിച്ചത്.
ഭീകരവാദ പ്രവര്‍ത്തനങ്ങളെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്‍റെ എല്ലാ തലങ്ങളും അവസാനിപ്പിക്കേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയെ ചെറുക്കുക എന്നത് എസ്‌സിഒയുടെ ഉത്തരവാദിത്തങ്ങളിലൊന്നാണ്, എസ് ജയശങ്കര്‍ വ്യക്തമാക്കി.
മാത്രമല്ല, ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ അംഗരാജ്യങ്ങളുമായി ആഴത്തിലുള്ള ഇടപഴകല്‍ സാധ്യമാക്കുന്നതിനും സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ വിശാലതയിലേക്ക് നയിക്കുന്നതിനും വേണ്ടി എസ്‌സിഒയുടെ മൂന്നാമത്തെ ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷിനെ അംഗീകരിക്കണമെന്ന് മറ്റ് രാജ്യങ്ങളോട് എസ്‌സിഒ അധ്യക്ഷന്‍ അഭ്യര്‍ഥിച്ചു. എസ്‌സിഒയുടെ ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷിനെ അംഗീകരിക്കണമെന്ന ഇന്ത്യയുടെ ദീര്‍ഘനാളത്തെ ആവശ്യത്തിനാണ് മന്ത്രി എസ് ജയശങ്കര്‍ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടിയത്. എസ്‌സിഒയില്‍ ബഹുമുഖ സഹകരണം വികസിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു.