ന്യൂഡൽഹി: റഷ്യയുടെ സൈനിക തന്ത്രം ബഹുമുഖമാണ്. കളി അന്ത്യത്തിലേക്കെന്ന തോന്നലുണ്ടാക്കി നിര്‍ത്തും. എതിരാളിയെ ആശയക്കുഴപ്പത്തിലാക്കാൻ ഒരു പടി മുന്നോക്കം ആയുകയും എന്നാല്‍ പൊടുന്നനെ പിന്നോക്കം വരികയും ചെയ്യും. ശത്രുവിന് അവസാന നിമിഷം വരെ ഊഹങ്ങളില്‍ അഭിരമിക്കാന്‍ അവസരം നല്‍കുകയെന്നതാണ് ഇതിന്‍റെ ലക്ഷ്യം.
ഏതായാലും അന്തിമവിധി വ്യക്തമാണ്- ഒന്നുകിൽ യുക്രൈൻ പിടിച്ചടക്കിക്കൊണ്ട് റഷ്യ തങ്ങളുടെ ആധിപത്യമുള്ള ഡോൺബാസ് മേഖല വിപുലീകരിക്കും. അല്ലെങ്കിൽ മോസ്‌കോയോട് ചേർന്ന് കിടക്കുന്ന യുക്രൈൻ തലസ്ഥാനമായ കീവിൽ തങ്ങളുടെ സർക്കാർ സ്ഥാപിക്കും. അതുകൊണ്ട് തന്നെ വ്യാഴാഴ്‌ച ഉണ്ടായ യുക്രൈനിലെ മിന്നലാക്രമണവും യുദ്ധമുറകളും റഷ്യൻ സൈനിക തന്ത്രത്തിന്‍റെ പൊതു പകര്‍പ്പാണ്
പുലർച്ചെ അഞ്ച് മണിക്ക് യുക്രൈനിലെ കീവ്, ഖാർകിവ്, ഒഡേസ എന്നിവിടങ്ങളിൽ ആക്രമണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വരെയും, റഷ്യ ആക്രമണം അഴിച്ചുവിടുമോ എന്ന ചർച്ച പാശ്ചാത്യ ശക്തികൾക്കിടയിൽ സജീവമായി നടക്കുന്നുണ്ടായിരുന്നു. ആക്രമണത്തെക്കുറിച്ച് യുഎസിന് ഉറപ്പുണ്ടായിരുന്നെങ്കിലും, റഷ്യ വെറും തന്ത്രപരമായ നയമാണ് പിന്തുടരുന്നതെന്ന് പല പാശ്ചാത്യ ശക്തികളും വിശ്വസിച്ചു.