ന്യൂഡല്‍ഹി: റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് ഈയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. രണ്ട് ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിന് ശേഷം ഈ വരുന്ന വ്യാഴാഴ്‌ചയോ വെള്ളിയാഴ്‌ചയോ ആകും ലവ്റോവ് ഇന്ത്യല്‍ എത്തുകയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാല വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ റഷ്യയില്‍നിന്ന് വാങ്ങുന്ന അസംസ്‌കൃത എണ്ണയ്ക്കും ആയുധങ്ങള്‍ക്കും എത്തരത്തില്‍ ഇന്ത്യ പണം കൊടുക്കും എന്നതായിരിക്കും സന്ദര്‍ശനത്തിലെ പ്രധാന ചര്‍ച്ചവിഷയം.
അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം കാരണം റഷ്യയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ വ്യാപാരം നടത്തുന്നതിന് പല പരിമിതിയും നേരിടുകയാണ്. റഷ്യന്‍ ബാങ്കുകളെ സ്വിഫ്റ്റ് സിസ്റ്റത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ബാങ്കുകള്‍ തമ്മിലുള്ള ഇടപാടുകള്‍ സാധ്യമാക്കുന്നത് സ്വിഫ്റ്റാണ്. ഇന്ത്യന്‍ രൂപയിലും റഷ്യന്‍ റൂബിളിലും ഇടപാടുകള്‍ നടത്താനുള്ള ശ്രമങ്ങള്‍ ഇരു രാജ്യങ്ങളും ആരംഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരി 24ന് റഷ്യ യുക്രൈനില്‍ സൈനിക നടപടി തുടങ്ങിയതിന് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന റഷ്യയുടെ ഉന്നത തല സംഘമാണ് ലവ്റോവിന്‍റേത്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ വിവിധ രാജ്യങ്ങളിലെ ഉന്നതതല നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യി, യുഎസ് അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് വിക്ടോറിയ നുലന്‍റ്, ഓസ്ട്രീയയുടേയും ഗ്രീസിന്‍റേയും വിദേശകാര്യ മന്ത്രിമാര്‍ തുടങ്ങിയവരാണ് ഇന്ത്യ സന്ദര്‍ശിച്ചത്. ബ്രിട്ടീഷ് വിദേശ കാര്യമന്ത്രി ലിസ് ട്രസ് ഈ വരുന്ന വ്യാഴാഴ്ച ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും.
ഇന്ത്യയുടെ നിക്ഷപക്ഷ നിലപാടില്‍ അമേരിക്കയ്ക്ക് അതൃപ്‌തി:യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയില്‍ ഇന്ത്യ റഷ്യയെ ശക്തമായി അപലപിച്ചിട്ടില്ല. റഷ്യക്കെതിരായി യുഎന്നില്‍ കൊണ്ടുവന്ന പ്രമേയങ്ങളിന്‍മേലുള്ള വോട്ടെടുപ്പില്‍ ഇന്ത്യ വിട്ട് നില്‍ക്കുകയായിരുന്നു. അതേസമയം റഷ്യ യുക്രൈനിലെ മനുഷ്യവകാശ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി യുഎന്നില്‍ കൊണ്ടുവന്ന പ്രമേയത്തില്‍ നിന്നും ഇന്ത്യ വിട്ട് നിന്നിരുന്നു. യുക്രൈന്‍ റഷ്യ സംഘര്‍ഷത്തില്‍ ഇന്ത്യ നിക്ഷപക്ഷ നിലപാട് സ്വീകരിക്കുന്നു എന്നതിന്‍റെ വ്യക്തമായി സൂചനയായിരുന്നു ഇത്.