ന്യൂഡല്‍ഹി: യുക്രൈന് നേരെ റഷ്യ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ, കീവിലെ ഇന്ത്യന്‍ എംബസി അടച്ചു. എല്ലാ ഇന്ത്യക്കാരും കീവ് വിട്ടെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല അറിയിച്ചു. രക്ഷാദൗത്യം അവസാനിപ്പിച്ചിട്ടില്ലെന്നും പടിഞ്ഞാറന്‍ യുക്രൈനിലെ ലിവിവില്‍ എംബസി കേന്ദ്രം സ്ഥാപിക്കുമെന്നും ശ്രിംഗ്ല വ്യക്തമാക്കി.
'ഞങ്ങളുടെ പക്കലുള്ള വിവരങ്ങൾ അനുസരിച്ച്, കീവിൽ ഇനി ഇന്ത്യക്കാരാരും അവശേഷിക്കുന്നില്ല. കീവിൽ നിന്ന് ഇപ്പോള്‍ ആരും ബന്ധപ്പെടുന്നില്ല. എല്ലാവരും കീവില്‍ നിന്ന് പുറത്തുവന്നിട്ടുണ്ടെന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ മനസിലാക്കുന്നത്' - ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞു.
എംബസിയിലെ ഉദ്യോഗസ്ഥർ പടിഞ്ഞാറന്‍ യുക്രൈനിലേക്ക് പോയതായാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കീവില്‍ കുടുങ്ങിയ ഇന്ത്യക്കാരോട് അടിയന്തരമായി നഗരം വിടാന്‍ കഴിഞ്ഞ ദിവസം എംബസി നിര്‍ദേശിച്ചിരുന്നു. ഖാര്‍കീവില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ശ്രിംഗ്ല വ്യക്തമാക്കി.
ഖാർകീവിലെ ഷെല്ലാക്രമണത്തില്‍ കര്‍ണാടക സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സാഹചര്യത്തില്‍, യുക്രൈനിലെ വിവിധ സംഘർഷ മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരര്‍ക്ക് സുരക്ഷിത പാത സജ്ജീകരിക്കാന്‍ റഷ്യൻ, യുക്രൈന്‍ നയതന്ത്ര പ്രതിനിധികളോട് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.