ന്യൂഡൽഹി :യുക്രൈനും റഷ്യയും തമ്മിൽ ആരംഭിച്ച സംഘർഷം ഇന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധമായി മാറിയിരിക്കുകയാണ്. എന്നാൽ ഈ യുദ്ധം ഏറ്റവുമധികം ബാധിക്കുക ഇരു രാജ്യങ്ങളുടേയും നല്ല സുഹൃത്തുക്കളായ ഇന്ത്യയെപ്പോലുള്ള മറ്റ് രാജ്യങ്ങളെയാണ്. പക്ഷേ ഈയൊരു സാഹചര്യത്തിൽ നിഷ്‌പക്ഷരായി തുടരുക എന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. യുക്രൈനേയും റഷ്യയേയും അടുത്തറിയുന്ന നയതന്ത്രജ്ഞർ ഇന്ത്യയുടെ നയതന്ത്ര താൽപര്യങ്ങളെ ബാധിക്കുന്ന തരത്തിലുള്ള ഒരു പ്രസ്‌താവനയും നൽകാൻ സാധ്യതയില്ല എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ മുൻ അംബാസഡർ അചൽ മൽഹോത്ര.
യുക്രൈൻ റഷ്യ ആക്രമിച്ച് തുടങ്ങിയതിന് പിന്നാലെ യുഎസ്, യൂറോപ്യൻ യൂണിയൻ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവയുൾപ്പെടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങളും സംവിധാനങ്ങളും പുടിന്‍റെ നീക്കത്തെ ഉടൻ തന്നെ അപലപിക്കുകയും കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇവ കൂടാതെ കൂടുതൽ രാജ്യങ്ങൾ ഉപരോധം കടുപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ.
ഇന്ത്യയുടേത് കൃത്യമായ നിലപാട്
'സമാധാനപരമായ ചർച്ചകൾ, ക്രിയാത്മക നയതന്ത്രം, എല്ലാവരുടെയും സുരക്ഷാ താൽപ്പര്യങ്ങൾ എന്നിവയാണ് ഇത്തരം തർക്കങ്ങൾ പരിഹരിക്കാനുള്ള ഏക മാർഗം എന്ന് വ്യക്തമായി പ്രസ്താവിച്ചുകൊണ്ട് ഈ വിഷയത്തിൽ ഇന്ത്യ വളരെ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത് ബന്ധപ്പെട്ട മറ്റ് കക്ഷികളും കണക്കിലെടുക്കണം'. റഷ്യ-യുക്രൈന്‍ പ്രതിസന്ധിയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് മൽഹോത്ര പറഞ്ഞു.
ഈ കാര്യത്തിൽ ഇന്ത്യ വ്യക്തമായ ഒരു പ്രസ്‌താവനയും നൽകിയിട്ടില്ല. ഇന്ത്യ യുഎസുമായോ യൂറോപ്യൻ യൂണിയനുമായോ മറ്റേതെങ്കിലും കക്ഷികളുമായോ നിൽക്കണമെന്നും റഷ്യയെ അപലപിക്കണമെന്നും പറയുന്നത് തീർത്തും തെറ്റാണ്. എല്ലാ രാജ്യങ്ങളുമായി ഞങ്ങൾക്ക് തന്ത്രപരമായ പങ്കാളിത്തമുണ്ട്. ഒരു സഖ്യത്തിന്‍റെയും ഭാഗമല്ലാത്തതിനാൽ ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ഭാരം ഇന്ത്യയുടെ കൈകളിലല്ല. മൽഹോത്ര പറഞ്ഞു.