കേരളം

kerala

രൂപ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്ക് വീണ്ടും കൂപ്പുകുത്തി ; ഇറക്കുമതി ചിലവ് വര്‍ധിക്കുന്നതില്‍ ആശങ്ക

By

Published : May 19, 2022, 5:55 PM IST

യുഎസ് ഡോളറിന് 77.73രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം അവസാനിച്ചത്

Rupee value  rupee plunges to historic low  Indian economy  rupee dollar transaction  രൂപയുടെ വിനിമയ മൂല്യം  രൂപയും ഡോളറും തമ്മിലുള്ള ട്രാന്‍സേക്ഷന്‍  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ
രൂപ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്ക് വീണ്ടും കൂപ്പ് കുത്തി; ഇറക്കുമതി ചിലവ് വര്‍ധിക്കുന്നതില്‍ ആശങ്ക

മുംബൈ : രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരു യുഎസ് ഡോളറിന് 77.73 രൂപ എന്ന നിരക്കിലാണ് ഇന്ന്(19.05.2022) വിദേശ നാണ്യ വിപണിയില്‍ വ്യാപാരം അവസാനിച്ചത്. ഇത് രൂപയുടെ ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന മൂല്യമാണ്. ഇങ്ങനെ ഏറ്റവും താഴ്‌ന്ന നിരക്കില്‍ രൂപ കൂപ്പുകുത്തുന്നത് പത്ത് ദിവസത്തിനുള്ളില്‍ ഇത് അഞ്ചാം തവണയാണ്.

വിദേശനാണ്യ മാര്‍ക്കറ്റില്‍ ഒരു ഡോളറിന് 77.72രൂപ എന്ന നിലയ്‌ക്കാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. അത് 77.63-77.76 എന്ന പരിധിയില്‍ ഇന്നത്തെ വ്യാപാര ദിനത്തില്‍ രൂപ ചാഞ്ചാടിയിരുന്നു. ഇന്നലെ(18.05.2022) ഡോളറിന് 77.61 രൂപ എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്.

രാജ്യാന്തര വിപണയില്‍ ഡോളര്‍ ശക്‌തമാകുന്നതും ഇന്ത്യയിലെ ഉയര്‍ന്ന പണപ്പെരുപ്പവും രൂപയുടെ മൂല്യം കുറയ്‌ക്കുന്നതിലെ പ്രധാന ഘടകങ്ങളാണ്. കരുതല്‍ വിദേശ നാണ്യ ശേഖരത്തില്‍ നിന്ന് റിസര്‍വ് ബാങ്ക് ഡോളര്‍ വിദേശനാണ്യ വിപണിയില്‍ ഇറക്കിയില്ലായിരുന്നെങ്കില്‍ രൂപയുടെ വിനിമയ മൂല്യം ഇതിലും കൂപ്പുകുത്തുമായിരുന്നു. റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തി ഏതാനും ദിവസങ്ങള്‍ക്കകം മാര്‍ച്ചിലാണ് രൂപ ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന മൂല്യത്തിലേക്ക് ഇടിഞ്ഞത്.

യുക്രൈന്‍ റഷ്യ യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെ വലിയ രീതിയിലാണ് ബാധിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാനായി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചത് ആഗോളസമ്പദ്‌വ്യവസ്ഥയുടെ ഹ്രസ്വകാല വളര്‍ച്ചാനിരക്കില്‍ കുറവ് വരുത്തും. രൂപയുടെ വിനിമയമൂല്യം ഇടിയുന്നത് ഇറക്കുമതി ചിലവ് വര്‍ധിപ്പിക്കും. ഇത് ആഭ്യന്തരവിപണിയില്‍ വീണ്ടും വിലക്കയറ്റം സൃഷ്‌ടിക്കുന്നതിനാണ് വഴിവയ്ക്കുക.

ABOUT THE AUTHOR

...view details