ന്യൂഡല്‍ഹി: ലോക പ്രശസ്ത വാഹന നിർമാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സ് തങ്ങളുടെ പുതിയ വാഹനം ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു. ടൊയോട്ട റൂമിയൻ എന്ന പേരിട്ടിട്ടുള്ള വാഹനം ഏഴ് സീറ്റർ എംപിവി ആയിട്ടാണ് രൂപകല്‍പന ചെയ്‌തിട്ടുള്ളത്.
1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനാണ് വാഹനത്തിനുള്ളത്. അതിനൊപ്പം 103 ബിഎച്ച്പി പവറും 138 എൻഎം ടോർക്കും വാഹനത്തിന് കരുത്തേകും. അഞ്ച് ഗിയർ മാനുവല്‍, നാല് സ്‌പീഡ് ടോർക്ക് കൺവെർട്ടർ എന്നിവയ്‌ക്കൊപ്പം മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും ടൊയോട്ട റൂമിയനിലുണ്ടാകുമെന്നാണ് കമ്പനി പറയുന്നത്.
സുസുക്കിയുമായി കൈകോർത്ത് ടൊയോട്ട:മാരുതി സുസുക്കിയുമായി കൈകോർത്ത് ഇന്ത്യയില്‍ വാഹന വിപണിയില്‍ സജീവമാകുക എന്ന പ്ലാൻ റൂമിയന്‍റെ കാര്യത്തിലും ടൊയോട്ട ആവർത്തിക്കുന്നുണ്ട്. പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബെലേനോ ഗ്ലാൻസയായി മാറിയപ്പോൾ കോംപാക്‌ട് എസ്‌യുവി മോഡലായ വിറ്റാര ബ്രെസയെ അർബൻ ക്രൂയിസറാക്കി മാറ്റിയാണ് ടൊയോട്ട ഇന്ത്യൻ വിപണിയിലെത്തിച്ചത്.